രാമായണത്തെ ആസ്‌പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം 'ആദിപുരുഷി'ന്‍റെ അവസാന ട്രെയിലറും പുറത്ത്. പ്രഭാസ് നായകനായെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചുരുങ്ങിയ സമയംകൊണ്ട് നാല് ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ ട്രെയിലർ കണ്ടത്.
ജൂൺ 16ന് ചിത്രം തിയേറ്ററുകളില്‍ റിലീസിന് എത്താനിരിക്കെ പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും ഇരട്ടിയാക്കുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'ഹർ ഭാരതീയ കി ആദിപുരുഷ്' എന്ന് എഴുതിയാണ് ഇൻസ്റ്റാഗ്രാമിൽ, പ്രൊഡക്ഷൻ ഹൗസായ ടി-സീരീസ് അവസാന ട്രെയിലർ റിലീസായ വിവരം പോസ്റ്റർ രൂപേണ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ ടീസറിനെതിരെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. എന്നാലിതാ അത്തരം വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയെന്നോണം മികവോടെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ മെയ് 9 നായിരുന്നു പുറത്തുവന്നത്.
ഫാന്‍റസി സിനിമയായെത്തുന്ന 'ആദിപുരുഷി'ല്‍ വിഎഫ്എക്‌സിന്‍റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ നേരത്തെ പുറത്തുവന്ന ടീസറില്‍ കാഴ്‌ചക്കാരെ നിരാശരാക്കിയതും ഇതേ വിഎഫ്എക്‌സ് തന്നെയായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നായിരുന്നു ഉയർന്നുകേട്ട പ്രധാന വിമർശനം.
അതേസമയം വിമർശകരുടെ വായടപ്പിക്കുന്നതാണ് ടീസറിന് പിന്നാലെ വന്നതും, ഇപ്പോൾ റിലീസായതുമായ ട്രെയിലറുകൾ. വിമർശകരെയും ആരാധകരെയും പൂർണമായും തൃപ്‌തിപ്പെടുത്തും വിധമാണ് അണിയറക്കാർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കിയിരിക്കുന്ന ചിത്രം തിന്മയ്‌ക്ക് മുകളിൽ നന്മയുടെ വിജയം എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്. 500 കോടി മുതല്‍ മുടക്കുള്ള 'ആദിപുരുഷ്' ടി- സീരിസ്, റെട്രോഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്‌ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രങ്ങളിലൊന്നാണിത്. നിർമാണ ചെലവിൽ 250 കോടിയും വിഎഫ്എക്‌സിന് വേണ്ടിയാണ് മാറ്റിവച്ചത്.
ബോളിവുഡ് ചിത്രം 'താനാജി'ക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'. തെലുഗു, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം 3ഡിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുക.
ലങ്കേഷ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്‌ഫ് അലിഖാന്‍ ആണ്. ജാനകിയായി കൃതി സനോണും എത്തുന്നു. ലക്ഷ്‌മണനായി സണ്ണി സിങ്ങും ഹനുമാന്‍റെ വേഷത്തിൽ ദേവദത്ത നാഗേയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അതേസമയം ടീസറിൽ നിന്ന് വ്യത്യസ്‌തമായി, ആദ്യ ട്രെയിലർ പോലെതന്നെ ഇപ്പോൾ പുറത്തുവന്ന അവസാന ട്രെയിലറും വില്ലനായ 'ലങ്കേഷി'ലേക്ക് വെളിച്ചം വീശുന്നില്ല. സെയ്‌ഫ് അലിഖാന്‍ അവതരിപ്പിക്കുന്ന ലങ്കേഷുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യമൊന്നും വെളിപ്പെടുത്താതെയാണ് ട്രെയിലർ അവസാനിക്കുന്നത്. ട്രെയിലറിന്‍റെ തുടക്കത്തിൽ 'വേഷം മാറി' പ്രത്യക്ഷപ്പെടുന്ന സെയ്‌ഫ് അലിഖാന്‍റെ കഥാപാത്രം പിന്നീട് ട്രെയിലറിന്‍റെ ഒടുക്കത്തില്‍ ഹ്രസ്വമായാണ് കാണപ്പെടുന്നത്.
കഴിഞ്ഞ ദിവസം പ്രഭാസ്, കൃതി, സെയ്‌ഫ്, സണ്ണി എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. അടുത്തിടെയാണ് ചിത്രത്തിലെ 'റാം സിയ റാം, ജയ് ശ്രീറാം' എന്നീ രണ്ട് ഗാനങ്ങൾ അണിയറ പ്രവര്‍ത്തകർ പുറത്തുവിട്ടത്. ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗാനത്തിന് ഈണമൊരുക്കിയത് സച്ചേത്-പരമ്പര എന്നിവരാണ്.
ALSO READ: ആദിപുരുഷ് ഗാനം 5 ഭാഷകളില്‍; റാം സിയ റാം മെയ് 29ന്