ഗ്ലാമര്‍ റോളുകളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് നടി നമിത. സൂപ്പര്‍താര ചിത്രങ്ങളില്‍ ഉള്‍പ്പെടെ നായികയായും ഐറ്റം സോംഗുകളിലുമെല്ലാം നമിത അഭിനയിച്ചു. ക്രോണിക്ക് ബാച്ചിലര്‍ തമിഴ് റീമേക്കായ എങ്കള്‍ അണ്ണാ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും നമിത അഭിനയിച്ചു.
മോഹന്‍ലാലിന്‍റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനില്‍ ഒരു ചെറിയ റോളില്‍ നമിതയും അഭിനയിച്ചിരുന്നു. 2017ലാണ് ബോയ് ഫ്രണ്ടായിരുന്ന വീരേന്ദ്ര ചൗധരി തിരുപ്പതിയില്‍ വച്ച് നമിതയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം.
ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞത്. ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് താരസുന്ദരി എത്തിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന സന്തോഷ വിവരം തന്‍റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ചിരിക്കുകയാണ് നടി.
നിറവയറില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നമിത. കൂടാതെ ചിത്രങ്ങള്‍ പങ്കുവച്ച് നടി കുറിച്ച വാക്കുകളും ശ്രദ്ധേയമായി. 'മാതൃത്വം, ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാം', നമിത സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.
നിറവയറിലുളള മൂന്ന് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നമിത പോസ്റ്റ് ചെയ്‌തത്. സിനിമാതിരക്കുകള്‍ക്കിടെയിലും ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു നമിത. തമിഴ്‌നാട് ബിജെപിയില്‍ ചേര്‍ന്ന നടി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറായി പ്രവര്‍ത്തിച്ചു.
കരിയറിന്‍റെ തുടക്കത്തില്‍ മോഡലിംഗ് രംഗത്തുനിന്നാണ് നമിത സിനിമയിലെത്തുന്നത്. സ്വന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി നമിത മാറി. തമിഴ്, മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ബൗ ബൗ എന്ന ചിത്രമാണ് നമിതയുടെ പുതിയ സിനിമ.