ഇന്ത്യൻ സിനിമയിലെ നടനവിസ്‌മയം, മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 63-ാം പിറന്നാൾ. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാലോകവും. ഫാസില്‍ സംവിധാനം ചെയ്‌ത 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിക്കുന്നതെങ്കിലും അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രം 1978ലെ 'തിരനോട്ടം' ആണ്.
സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് ആരംഭിച്ച നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ഒരുക്കിയ ഈ ചിത്രം പല കാരണങ്ങളാല്‍ പുറത്തിറങ്ങിയില്ല. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ൽ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
ആദ്യ കാഴ്‌ചയിൽ ഭയപ്പെടുത്തിയ ആ കൊച്ചുപയ്യന് ചുണ്ടിലെ വശ്യമായ ചിരിയാലും കണ്ണിലെ പ്രണയാർദ്ര നോട്ടത്താലും കാഴ്‌ചക്കാരെ കീഴടക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇടം തോൾ മേല്ലെ ചെരിച്ച് അയാൾ നടന്നുകയറിയത് ഓരോ മലയാളികളുടെയും ഹൃദയത്തിലേക്കാണ്.
നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ച വച്ച മോഹന്‍ലാല്‍ 1980-90കളിലെ വേഷങ്ങളിലൂടെയാണ് ഒരു നടൻ എന്ന നിലയിലുള്ള തൻ്റെ അടയാളപ്പെടുത്തൽ നടത്തുന്നത്. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത 'രാജാവിന്‍റെ മകന്‍' എന്ന ചിത്രത്തിലൂടെ സൂപ്പര്‍താര പദവിയിലേക്ക് മോഹന്‍ലാല്‍ ഉയർന്നു. മോഹൻലാലിനോളം യവ്വനകാലം ഇത്രയേറെ സെലിബ്രേറ്റ് ചെയ്യപ്പെട്ട മറ്റൊരു താരം മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം.
'സുഖമോ ദേവി'യിലെ സണ്ണിയും, 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്‌ണനും, 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പി'ലെ സോളമനും അങ്ങനെ മോഹന്‍ലാല്‍ അഭ്രപാളിയിൽ പകർന്നാടിയ പ്രണയ നായകൻമാരെല്ലാം മലയാളിക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. 'നാടോടിക്കാറ്റി'ലെ ദാസന്‍, 'ചിത്ര'ത്തിലെ വിഷ്‌ണു, 'കിരീട'ത്തിലെ സേതുമാധവന്‍, 'ഭരത'ത്തിലെ ഗോപി, 'കമലദള'ത്തിലെ നന്ദഗോപന്‍, 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടന്‍, 'സ്‌ഫടിക'ത്തിലെ ആടുതോമ, 'ദശരഥ'ത്തിലെ രാജീവ് മേനോന്‍, 'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിലെ എബി അബ്രഹാം, 'തന്മാത്ര'യിലെ രമേശന്‍ നായര്‍, 'പരദേശി'യിലെ വലിയകത്ത് മൂസ, 'ഭ്രമര'ത്തിലെ ശിവന്‍ കുട്ടി എന്നിവരെ മലയാളികള്‍ എങ്ങനെ മറക്കാനാണ്?
1997ല്‍ പുറത്തിറങ്ങിയ 'ഗുരു' ഓസ്‌കര്‍ പുരസ്‌കാര നാമനിര്‍ദേശത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു വലിയ ബ്രാന്‍ഡായി മോഹന്‍ലാല്‍ എന്ന പേര് മാറി. ബോക്‌സ് ഓഫിസ് കണക്കുകളിലും മോഹന്‍ലാല്‍ ചിത്രങ്ങൾ മുന്നിട്ട് നിൽക്കുന്നു.
മോഹന്‍ലാലിന്‍റെ 'പുലിമുരുകനാ'ണ് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം. 2019 ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍' 200 കോടി ക്ലബിലും ഇടംനേടി. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി മോഹന്‍ലാല്‍ സ്വന്തമാക്കിയ അംഗീകാരങ്ങളുടെ പട്ടിക നീളുന്നു.
2005ല്‍ പുറത്തിറങ്ങിയ മേജർ രവി ചിത്രം 'കീർത്തിചക്ര'യിലെ മേജർ മഹാദേവൻ എന്ന കഥാപാത്രം ഇന്ത്യൻ ടെറിറ്റോറിയല്‍ ആർമിയുടെ ലഫ്‌റ്റനന്‍റ് കേണല്‍ പദവിയും ലാലിന് നേടി കൊടുത്തു. ലഭിച്ചവയ്ക്ക് പുറമെ, 13 തവണ ദേശീയ പുരസ്‌കാരങ്ങളില്‍ അദ്ദേഹം പരിഗണിക്കപ്പെട്ടുവെന്നതും ചരിത്രം. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.
രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്‌ത 'കമ്പനി', മണിരത്‌നം ഒരുക്കിയ 'ഇരുവര്‍' എന്നിവയിലെ വേഷങ്ങള്‍ മോഹൻലാലിലെ പാന്‍ ഇന്ത്യന്‍ നടനെ അടയാളപ്പെടുത്തുന്നവയാണ്. വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ടയിലാണ് മോഹൻലാലിൻ്റെ ജനനം. മുടവന്‍മുകള്‍ സ്‌കൂള്‍, തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ലാല്‍ തിരുവനന്തപുരം എംജി കോളജില്‍ നിന്ന് ബികോം ബിരുദം നേടി. കോളജ് കാലയളവിലാണ് അഭിനയവുമായി താരം ചങ്ങാത്തത്തിലാവുന്നത്.
അതേസമയം അടുത്തിടെ ഇറങ്ങിയ പല മോഹന്‍ലാല്‍ ചിത്രങ്ങളും ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. മഹാനടൻ്റെ വമ്പൻ തിരിച്ചുവരവിന് കാത്തിരിക്കുന്നത് അദ്ദേഹത്തിൻ്റെ ആരാധകർ മാത്രമല്ല, മറിച്ച് സിനിമാലോകം ഒന്നടങ്കമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടെ വാലിബന്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനും ജീത്തു ജോസഫറിന്‍റെ റാമും ഓളവും തീരവുമെല്ലാം മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങാനുണ്ട്. കൂടാതെ നടന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായും കട്ട വെയിറ്റിങ്ങിലാണ് ആരാധകർ.