എറണാകുളം: നടന്‍ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അര്‍ബുദവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്നസെന്‍റ് മരുന്നുകളോട് പ്രതികരിക്കുന്നതായാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ഒരാഴ്‌ചയായി അദ്ദേഹം ചികിത്സയിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
കാന്‍സറിനെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തികൂടിയാണ് ഇന്നസെന്‍റ്. ' കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പേരില്‍ ഒരു പുസ്‌തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്‌ക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ തനിക്ക് അര്‍ബുദമാണെന്ന് ഈ ലോകത്തോട് വിളിച്ചുപറയുകയും ധൈര്യത്തോടെ നേരിടാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമേകുകയുമായിരുന്നു പുസ്‌തകത്തിലൂടെ അദ്ദേഹം.
ഇത് പുറത്തു പറയാതെ ഇരിക്കാന്‍ താന്‍ ആരുടെയും മുതല്‍ കട്ട് കൊണ്ട് വന്നിട്ടില്ല എന്നായിരുന്നു മുമ്പൊരിക്കല്‍ രോഗത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. മുന്‍ എംപി കൂടിയായിരുന്ന ഇന്നസെന്‍റ് കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. എംപി ആയി ഇരുന്ന സമയത്ത് പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചിരുന്നതെന്നും പകരം അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നുമാണ് ഇന്നസെന്‍റ് നേരത്തെ പ്രതികരിച്ചിരുന്നത്.
ആലുവ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാകേന്ദ്രം സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. തന്നെ ചികിത്സിച്ച ഡോക്‌ടര്‍ക്കും ക്യാന്‍സര്‍ വന്നതിനെ കുറിച്ചും നടന്‍ പറഞ്ഞിട്ടുണ്ട്. 'ഞങ്ങളില്ലേ കൂടെ ധൈര്യമായിരിക്കൂ' എന്ന് പറയുന്ന ലിസി ഡോക്‌ടര്‍ക്ക് അര്‍ബുദം ബാധിച്ചുവെന്ന് കേട്ടപ്പോള്‍ താന്‍ തളര്‍ന്നുപോയി. ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ കരഞ്ഞാല്‍ നമ്മളും തകര്‍ന്നുപോകുമെന്നും ഇന്നസെന്‍റ് പറഞ്ഞിരുന്നു.
Also Read: കോൺഗ്രസ് തിരിച്ചുവരണമെന്ന് പറയണമെങ്കിൽ എന്‍റെ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാകണം: ഇന്നസെന്‍റ്
ഹാസ്യ നടനും സ്വഭാവ നടനായും മലയാള സിനിമയില്‍ തന്‍റേതായൊരിടം കണ്ടെത്തിയ ജനപ്രിയ നടനാണ് ഇന്നസെന്‍റ്. തന്‍റേതായ ശരീര ഭാഷ കൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും ഇന്നസെന്‍റ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിര്‍മ്മാതാവെന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് അരങ്ങേറ്റ ചിത്രം. റാംജിറാവു സ്‌പീക്കിംഗ്, മാന്നാര്‍ മത്തായി സ്‌പീക്കിംഗ്, ഡോക്‌ടര്‍ പശുപതി, ഗജകേസരി യോഗം തുടങ്ങിയവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
നടനായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ഇന്നസെന്‍റ് രാഷ്‌ട്രീയത്തില്‍ ഇറങ്ങിയും ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായി 2014 മെയില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2009ല്‍ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഇന്നസെന്‍റിന് ലഭിച്ചിരുന്നു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.