മുംബൈ: തന്റെ കരിയറിലെ 525-ാമത്തെ സിനിമ പ്രഖ്യാപിച്ച് ബോളിവുഡ് നടന് അനുപം ഖേര്‍. 'ഒരു സാധാരണക്കാരന്റെ മനോഹരമായ കഥ' എന്നാണ് അദ്ദേഹം പുതിയ ചിത്രത്തെ വിശേഷിപ്പിച്ചത്. ഈ ചിത്രം തന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകുമെന്നും നടന് പറഞ്ഞു.
സിനിമയുടെ പേര് ഇതുവരെ അന്തിമമായിട്ടില്ലെന്നും അതിനാല്‍ 'ദി ലാസ്റ്റ് സിഗ്നേച്ചർ', 'സാർത്ഥക്', 'നിർണയ്', 'ദസ്തഖത്' എന്നീ പേരുകളില്‍ നിന്ന് മികച്ച ഒരെണ്ണം തിരഞ്ഞെടുക്കാന്‍ അനുപം ഖേര്‍ ആരാധകരോട് ആവശ്യപ്പെട്ടു. നിര്‍മാതാവും, സംവിധായകനും, താനും നിരവധി പേരുകള്‍ മുന്നോട്ടു വച്ചുവെന്നും ഒടുവില്‍ ആരാധകരുടെ താത്പര്യത്തിന് അനുസരിച്ച് ചിത്രത്തിന് പേര് നല്കാന് തീരുമാനിക്കുകയായിരുന്നു. ആരാധകരുടെ സഹായം തങ്ങള്‍ക്ക് ആവശ്യമാണെന്നും നടന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
67കാരനായ അനുപം ഖേര്‍ 1984ല്‍ 'സാരാംശ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ നടന് 'രാം ലഖൻ', 'ലംഹേ', 'ഖേൽ', 'ഡർ', 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ', 'ഡാഡി', 'മേനേ ഗാന്ധി കോ നഹിം മാരാ', 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൂടാതെ 'ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം', 'ബ്രൈഡ് ആൻഡ് പ്രജുഡിസ്', 'സിൽവർ ലൈനിങ്സ് പ്ലേബുക്ക്', ദി ബിഗ് സിക്ക്, ദി ബോയ് വിത്ത് ദി ടോപ്നോട്ട് തുടങ്ങിയ അന്താരാഷ്ട്ര സിനിമകളിലും അനുപം ഖേര്‍ ഭാഗമായി.