തിരുവനന്തപുരം : അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് തലസ്ഥാനത്ത് തുടക്കം. ആദ്യ പ്രദർശനം രാവിലെ 9 മണിക്ക് നിളയിൽ നടന്നു. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന 14-ാമത് അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം ഇന്ന് (26-8-2022) വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇന്‍റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തില്‍ റാൻ റ്റാൽ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത '1341 ഫ്രെയിംസ് ഓഫ് ലവ് ആൻഡ് വാർ' എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. 9.15ന് ശ്രീയിൽ ഇന്‍റർനാഷണൽ ഫിക്ഷൻ വിഭാഗത്തിലെ 'ഫാദർ ടങ്ക്' എന്ന ചിത്രത്തിന്‍റെ പ്രദർശനവും നടന്നു. 'ആൻ ഇമ്പാസിബിൾ സ്കൈ' എന്ന ചിത്രത്തിന്‍റെ പ്രദർശനം 9.30ന് കൈരളിയിൽ നടന്നു.
മരിയു പോളിസ് 2 ആണ് മേളയിലെ ഉദ്‌ഘാടന ചിത്രം. സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഗസ്‌റ്റ് 31 വരെ സംഘടിപ്പിക്കുന്ന മേളയില്‍ 270 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സര വിഭാഗത്തിലും, ഫോക്കസ് വിഭാഗത്തിലുമുള്ള ഡോക്യുമെൻ്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, ക്യാമ്പസ് ഷോര്‍ട്ട് ഫിലിമുകള്‍, അനിമേഷന്‍ ചിത്രങ്ങള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണം.
കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്' ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 19 സിനിമകളും പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തില്‍ 20 ദീര്‍ഘ ഡോക്യുമെന്‍ററികള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ പതിമൂന്നും ഫോക്കസ് വിഭാഗത്തില്‍ എട്ടും മലയാളം വിഭാഗത്തില്‍ രണ്ടും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ഐ ഫോണില്‍ ചിത്രീകരിച്ചവയുടെ പാക്കേജ് ആയ 'ഐ ടെയ്ല്‍സ്', യുദ്ധത്തിന്‍റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പാക്കേജ് ആയ 'സ്‌കാര്‍സ് ഓഫ് വാര്‍ : പോര്‍ട്രെയ്റ്റ്‌സ് ഫ്രം ദ ഫീല്‍ഡ്‌സ്' എന്നിവയാണ് മറ്റ് മുഖ്യ ആകര്‍ഷണങ്ങള്‍. സാമൂഹികവും, വംശീയവും, രാഷ്ട്രീയവുമായ വിഷയങ്ങളാണ് മിക്ക ഡോക്യുമെന്‍ററികളുടെയും പ്രമേയം.
വയനാട്ടിലെ മുള്ളുക്കുറുമരുടെ ഭക്ഷ്യ സംസ്‌കാരത്തെ കുറിച്ചുള്ള ചിത്രം 'കെണി', അമല്‍ സംവിധാനം ചെയ്‌ത 'കറുത്ത കാലന്‍', 'പെശ്ശേ' അഭിലാഷ് ഓമന ശ്രീധരന്‍റെ 'കൗപീന ശാസ്ത്രം', വിനേഷ് ചന്ദ്രന്‍റെ 'പൊട്ടന്‍', 'ഒരു നൂല്‍ വിരല്‍ ചരിതം' തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളം ഡോക്യുമെന്‍ററികള്‍.