വാഷിങ്‌ടണ്‍: 2022ലെ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ മനസ് തുറന്ന് ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത്. ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് വില്‍ സ്‌മിത്ത് സംഭവത്തെ കുറിച്ച് വിശദമായി പ്രതികരിച്ചത്. വൈകാരികമായാണ് നടന്‍ സംഭവത്തില്‍ മനസ് തുറന്നത്.
'കിങ് റിച്ചാഡിലെ' അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തില്‍ ക്രിസ് റോക്കിനോട് മാപ്പ് പറയാത്തത് എന്തുകൊണ്ടായിരുന്നു എന്ന് വില്‍ സ്‌മിത്ത് വിശദീകരിക്കുന്നു. തന്‍റെ ഭാര്യ ജാഡ സ്‌മിത്തിന്‍റെ മുടിയെ കുറിച്ച് തമാശ പറഞ്ഞപ്പോഴാണ് വില്‍ സ്‌മിത്ത് ക്രിസ് റോക്കിനെ സ്റ്റേജില്‍ കയറി മുഖത്തടിച്ചത്.
ആ സമയത്ത് താന്‍ ഏറെ വൈകാരികമായ പ്രക്ഷുബ്‌ധതയില്‍ ആയതിനാല്‍ എന്ത് നടന്നു എന്നുള്ളതിനെ സംബന്ധിച്ച് ശരിയായ ഒരു വിലയിരുത്തല്‍ നടത്താന്‍ സാധിച്ചില്ല എന്ന് വില്‍ സ്‌മിത്ത് പറയുന്നു. ക്രിസുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയ സന്ദേശം ഇപ്പോള്‍ തന്നോട് സംസാരിക്കാന്‍ ക്രിസ് തയ്യാറല്ല എന്നതായിരുന്നു. മാനസികമായി ക്രിസ് തയ്യാറാകുമ്പോള്‍ അദ്ദേഹം തന്നെ ബന്ധപ്പെടുമെന്നുള്ള സന്ദേശവും ലഭിച്ചെന്നും വില്‍ സ്‌മിത്ത് വ്യക്തമാക്കി.
സംഭവത്തില്‍ തനിക്ക് ഏറെ കുറ്റബോധമുണ്ടെന്നും വില്‍ സ്‌മിത്ത് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഭാര്യയുടെ അലോപീഷ്യ രോഗം(മുടികൊഴിയുന്ന അസുഖം)ഹാസ്യത്തിനായി ഉപയോഗിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും വില്‍ സ്‌മിത്ത് പറഞ്ഞു.
ക്രിസിനോടുള്ള തന്‍റെ പ്രതികരണം പലരെയും വിഷമിപ്പിക്കുമെന്ന കാര്യം ആ നിമിഷത്തില്‍ തനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ക്രിസിന്‍റെ അമ്മയോടും മറ്റ് കുടുംബാംഗങ്ങളോടും താന്‍ ക്ഷമാപണം നടത്തുന്നു. പ്രത്യേകിച്ച് ടോണി റോക്കിനോട്. ടോണി റോക്ക് തന്‍റെ അടുത്ത സുഹൃത്താണെന്നും വില്‍ സ്‌മിത്ത് പറഞ്ഞു. പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാണ് ക്രിസ് റോക്കിന്‍റെ അനുജനായ ടോണി റോക്ക്.
തന്‍റെ പ്രവര്‍ത്തിയില്‍ ജാഡയ്‌ക്ക് ഒരു പങ്കുമില്ലെന്നും വില്‍ സ്‌മിത്ത് പറഞ്ഞു. സംഭവത്തിന് ശേഷം വില്‍ സ്‌മിത്തിനെ ഓസ്‌കര്‍ അക്കാദമി 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അക്കാദമിയില്‍ നിന്ന് വില്‍ സ്‌മിത്ത് രാജിവെക്കുകയും ചെയ്‌തു.