വാഷിങ്ടൺ : എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ്, രാജ്ഞിയുടെ കൊച്ചുമകൻ വില്യം രാജകുമാരനെ പരാമര്‍ശിച്ച് പോപ് ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ് 20 വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്. വില്യം രാജകുമാരനും താനും തമ്മിൽ ഇന്‍റർനെറ്റിലൂടെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് അന്ന് ബ്രിട്‌നി സ്‌പിയേഴ്‌സ് പറഞ്ഞത്.
2002-ൽ ഫ്രാങ്ക് സ്‌കിന്നറുമായുള്ള അഭിമുഖത്തിലാണ് ബ്രിട്‌നി സ്‌പിയേഴ്‌സ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരുടെയും യൗവനത്തുടക്കത്തിലാണ് സംഭവം. താനും വില്യം രാജകുമാരനും തമ്മിൽ ഇമെയിലിലൂടെ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് അവര്‍ പരാമര്‍ശിച്ചത്.
വില്യം, കേറ്റ് മിഡിൽടണെ കാണുന്നതിന് മുമ്പാണ് ഇതെന്നും ബ്രിട്‌നി സ്‌പിയേഴ്‌സ് പറഞ്ഞു. അന്ന് തനിക്ക് 20 വയസായിരുന്നു. ജോലിയുടെ ഭാഗമായി ലണ്ടനിലായിരുന്നു താമസം. ഇമെയിലിലൂടെ സംസാരിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നില്ലെന്ന് ബ്രിട്‌നി പറയുന്നു.
നിങ്ങളെ വില്യം വേണ്ടെന്ന് വച്ചതാണോ എന്ന അവതാരകന്‍റെ ചോദ്യത്തിന് അതെ എന്നായിരുന്നു ബ്രിട്‌നിയുടെ മറുപടി. 2003 ലാണ് വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും പ്രണയത്തിലായത്.
അതേസമയം, എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്‌റ്റംബര്‍ 19 ന് വെസ്‌റ്റ്മിന്‍സ്‌റ്റര്‍ ആബിയില്‍ നടക്കും. നാല് ദിവസം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനായി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.