ഇന്ത്യൻ ബോക്‌സ് ഓഫിസിൽ മികച്ച തുടക്കവുമായി ക്രിസ്റ്റഫർ നോളൻ (Christopher Nolan) ചിത്രം 'ഓപ്പൺഹൈമർ' (Oppenheimer). ആദ്യ ദിന കളക്ഷനില്‍ ടോം ക്രൂസ് (Tom Cruise) നായകനായി എത്തിയ 'മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് വൺ' (Mission: Impossible - Dead Reckoning Part One) എന്ന ചിത്രത്തെ ഓപ്പൺഹൈമർ പിന്നിലാക്കിയതായാണ് റിപ്പോർട്ടുകൾ. 12.5 കോടി രൂപയാണ് ആദ്യ ദിനത്തിൽ 'മിഷൻ ഇംപോസിബിൾ' ഏഴാം ഭാഗം ഇന്ത്യയില്‍ നിന്നും നേടിയത്. എന്നാൽ 'ഓപ്പൺഹൈമർ' ഇത് മറികടന്നിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
സിലിയൻ മർഫി (Cillian Murphy) ആണ് ഓപ്പൺഹൈമറിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആറ്റോമിക് ബോംബിന്‍റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഭൗതിക ശാസ്‌ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ (J Robert Oppenheimer) കഥയാണ് ചിത്രം പറയുന്നത്. ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ, ഏറ്റവും വലിയ വിനാശം വരുത്തിയ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി എത്തിയ ഈ ക്രിസ്റ്റഫർ നോളന്‍ ചിത്രം കഴിഞ്ഞ ദിവസമാണ് (ജൂലൈ 21) റിലീസായത്.
- " class="align-text-top noRightClick twitterSection" data="">
രണ്ടാം ലോക മഹായുദ്ധസമയത്ത്, ആണവായുധങ്ങളുടെ കണ്ടുപിടിത്തത്തിൽ ഓപ്പൺഹൈമറിന്‍റെ പങ്കിനെ പര്യവേക്ഷണം ചെയ്യുന്ന ഒരുതരത്തില്‍ ബയോപിക് എന്ന് വിളിക്കാനാവുന്ന ചിത്രമാണ് ഓപ്പൺഹൈമർ. അണുബോംബിന്‍റെ വിനാശകരമായ അനന്തരഫലങ്ങളും ഓപ്പൺഹൈമറിന്‍റെ മാനസിക സംഘർഷങ്ങളുമെല്ലാം ചിത്രം വരച്ചുകാട്ടുന്നു. മികച്ച പ്രതികരണമാണ് ചിത്രം ആഗോളതലത്തില്‍ നേടുന്നതെന്നാണ് വിവരം.
ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കാൻ 'ഓപ്പൺഹൈമർ'ക്ക് സാധിച്ചു. ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച്, 'ഓപ്പൺഹൈമർ' ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 13.50 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഇന്ത്യയിൽ സമ്മിശ്ര നിരൂപണങ്ങളാണ് സിനിമയ്‌ക്ക് ലഭിച്ചതെങ്കിലും ആദ്യ ദിനത്തിൽ മികച്ച കളക്ഷൻ നേടാനായെന്ന് നിസംശയം പറയാം. യുഎസിൽ ക്വാണ്ടം മെക്കാനിക്‌സ് അധ്യാപകനായിരുന്ന നാളുകൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം, ജീൻ ടാറ്റ്‌ലോക്കുമൊത്തുള്ള ജീവിതം, നാസികൾക്കെതിരായ യുദ്ധത്തിലെ പങ്കാളിത്തം, മാൻഹട്ടൻ പ്രോജക്‌ടിലെ പങ്ക് എന്നിവ ഉൾപ്പെടെ ഓപ്പൺഹൈമറിന്‍റെ ജീവിതത്തിലെ വിവിധ വശങ്ങൾ ഈ ചിത്രം പറയുന്നു.
ഫ്ലോറൻസ് പഗ് ആണ് (Florence Pugh) ജീൻ ടാറ്റ്‌ലോക്കിനെ അവതരിപ്പിച്ചത്. മികച്ച പ്രകടനത്താൽ ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളും കയ്യടി നേടുന്നുണ്ട്. നോളന്‍റെ പതിവ് കഥ പറച്ചില്‍ ശൈലിയില്‍ നിന്നും ചിത്രം മാറി സഞ്ചരിക്കുന്നുണ്ടെന്നും ചില നിരൂപണങ്ങൾ പറയുന്നു.
അതേസമയം മറ്റൊരു ഹോളിവുഡ് റിലീസായ ബാർബിയിൽ നിന്ന് കടുത്ത മത്സരമാണ് നോളൻ ചിത്രം നേരിട്ടത്. ഓപ്പൺഹൈമറും ബാർബിയും തമ്മില്‍ ആഗോള തലത്തില്‍ ബാർബെൻഹൈമർ എന്ന് വിളിക്കുന്ന ബോക്സോഫിസ് പോരിലാണ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് ഇന്ത്യയില്‍ കാര്യമായി ഉണ്ടായില്ലെന്നാണ് വിവരം.
READ MORE: 'ഓപ്പൺഹൈമർ', 'ബാർബി'; ജൂൺ 21ന് ഇന്ത്യ കീഴടക്കാൻ എത്തുന്നത് വമ്പൻ ഹോളിവുഡ് ചിത്രങ്ങൾ