ലോസ് ഏഞ്ചല്‍സ്: കിം കര്‍ദാശിയാന്‍റെ രൂപസാദൃശ്യമുള്ള ക്രിസ്‌റ്റിന ആഷ്‌ടെന്‍ ഗൗര്‍കണി(34) അന്തരിച്ചു. പ്ലാസ്‌റ്റിക് സര്‍ജറിയ്‌ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ക്രിസ്‌റ്റിന മരിക്കുന്നത്. തനിക്ക് കിം കര്‍ദാശിയന്‍റെ രൂപസാദൃശ്യമുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന മോഡലിന്‍റെ മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചു.
'ഏപ്രില്‍ 20ന് ഏകദേശം പുലര്‍ച്ചെ 4.31ന് ഞങ്ങളുടെ കുടുംബത്തിലേക്ക് ദുഃഖവാര്‍ത്ത അറിയിച്ചുകൊണ്ട് ഒരു ഫോണ്‍ കോള്‍ എത്തി. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം ഉറക്കെ അലറിവിളിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും ക്രിസ്‌റ്റിനയുടെ മരണവാര്‍ത്ത ഞങ്ങളെ അറിയിക്കുകയായിരുന്നു'- കുടുംബാംഗങ്ങളിലൊരാള്‍ ഗോഫണ്ട് മി പേജില്‍ കുറിച്ചു.
ആ ഫോണ്‍ കോള്‍ ഞങ്ങള്‍ക്ക് ഒരു പേടി സ്വപ്‌നം പോലെയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്ലാസ്‌റ്റിക് സര്‍ജറിയ്‌ക്ക് ശേഷം ഹൃദയസത്‌ംഭനമുണ്ടാവുകയും ക്രിസ്‌റ്റിനയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ചെയ്യുകയാണെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. മെഡിക്കല്‍ നടപടി ക്രമങ്ങളിലുണ്ടായ വീഴ്‌ചയാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
'എല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയാണ് ആഷ്‌ടെന്‍. മറ്റുള്ളവര്‍ക്കും ഏറെ സ്‌നേഹവും സംരക്ഷണവും നല്‍കിയിരുന്ന വ്യക്തിയാണ് അവര്‍. അവരുടെ സാന്നിധ്യമുണ്ടാകുമ്പോള്‍ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയുന്നു'.
'ഏറെ കരുണയുള്ള വ്യക്തിത്വമായിരുന്നു അവളുടേത്. മുട്ടുകുത്തി നിന്ന് കുട്ടികളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുന്ന വ്യക്തിയാണ് അവള്‍. ഒറ്റപ്പെട്ടിരിക്കുന്ന വ്യക്തികളെ തേടിപിടിച്ച് അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ആളുകളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ സാധിക്കുന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം'.
'ക്രിസ്‌റ്റിന ആഷ്‌ടെന്‍ ഗൗര്‍കണി ഞങ്ങള്‍ക്ക് നിങ്ങളില്ലാത്ത ജീവിതം വളരെയധികം പ്രയാസകരമാണ്. ഞങ്ങളുടെ സാന്നിധ്യമില്ലെങ്കിലും സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കൊരു സ്ഥാനമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു ക്രിസ്സി'- കുടുംബാംഗങ്ങള്‍ കുറിച്ചു.
'ഞങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ തന്ന പിന്തുണയ്‌ക്കു നന്ദി. നിങ്ങള്‍ക്ക് ഞങ്ങള്‍ നിത്യശാന്തി നേരുന്നുവെന്ന് പറഞ്ഞുകൊണ്ട് കുടുംബാംഗങ്ങള്‍ കുറിപ്പ് അവസാനിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇഷ്‌ടതാരമായ ക്രിസ്‌റ്റിന ആഷിന് 600,000 ഫോളോവേഴ്‌സാണ് ഇന്‍സ്‌റ്റഗ്രാമിലുള്ളത്.