എറണാകുളം : പൈസ പൈസ ലാൽബാഗ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധായകൻ പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബട്ടർഫ്ലൈ ഗേൾ 85. റിലീസിന് തീയറ്ററുകളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ചിത്രം നിരവധി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും 25 ഓളം അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്.
ഈ വർഷം തന്നെ മണികർണ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള പുരസ്‌കാരവും മികച്ച ഫിലിം എഡിറ്ററിനുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ഇൻഡോബാലി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ബട്ടർഫ്ലൈ ഗേൾ നേടി.
കൽക്കത്ത ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മദ്രാസ് ഇൻഡിപെൻഡൻസ് ഫിലിം ഫെസ്റ്റിവലിലും ചിത്രം വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇറ്റലിയുടെ ഹാർട്ട് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ചിത്രത്തിന് ലഭിച്ച മികച്ച വേദിയായിരുന്നു. കൊച്ചിയിലും തിരുപ്പൂരുമായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം. കടുത്ത ചൂടുള്ള തിരുപ്പൂരിലെ ചിത്രീകരണം വളരെ അതികം ക്ലേശകരമായിരുന്നു എന്ന് സംവിധായകൻ തുറന്നു പറഞ്ഞു. ഗോറില്ല ചിത്രീകരണ മാതൃകയാണ് സിനിമയ്ക്ക് അവലംബിച്ചത്. അതായത് തെരുവുകളിലും സാധാരണക്കാർക്കിടയിലും അഭിനേതാക്കളെ ഇറക്കിവിട്ട് രംഗം മാനിപ്പുലേറ്റ് ചെയ്യാതെ രഹസ്യമായി ചിത്രീകരിക്കുക. ധന്യ നാഥ്, പ്രതീഷ് ജേക്കബ്, അമ്മു നായർ, ഇഷിക, അനുപ്രഭാലാൽ, അനു ചന്ദ്രശേഖർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തിയത്.