കണ്ണൂര്‍: തളിപ്പറമ്പ് പാമ്പുരുത്തിയില്‍ കള്ളവോട്ട് നടത്തിയെന്ന സിപിഎം ആരോപണം മുസ്ലിം ലീഗ് നിഷേധിച്ചു. ദൃശ്യങ്ങളിൽ കൃത്രിമം വരുത്തിയാണ് സിപിഎം കള്ളവോട്ട് പ്രചാരണം നടത്തിയതെന്ന് ലീഗ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. വിഷയത്തെ നിയമപരമായി നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. യുഡിഎഫ് ജയം തിരിച്ചറിഞ്ഞ സിപിഎമ്മിന്‍റെ തന്ത്രമാണ് ഇതെന്നാണ് മുസ്ലീംലീഗ് ജില്ല കമ്മറ്റിയുടെ കണ്ടെത്തല്‍. സിപിഎം അക്രമം ഭയന്ന് കോൺഗ്രസുകാർ ബൂത്തിൽ ഇരിക്കാൻ തയ്യാറാകാത്ത ഇടങ്ങളിൽ ലീഗ് പ്രവർത്തകരാണ് യുഡിഎഫ് ഏജന്‍റായി പ്രവർത്തിച്ചത്. ലീഗ് പ്രവർത്തകരുടെ പേരിൽ ഇതുവരേയും കള്ളവോട്ട് ആരോപണം ഉയർന്നിട്ടില്ല. കള്ളവോട്ട് ചെയ്തെന്ന് സിപിഎം ആരോപിക്കുന്ന മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ല. എന്നാൽ ദൃശ്യങ്ങളിലുള്ള ആഷിഖ്, ലീഗ് പ്രവർത്തകൻ ആണെന്നും ഇയാൾ ഒരു വോട്ട് മാത്രമാണ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു. അതേസമയം ദൃശ്യങ്ങളില്‍ കൃത്രിമം വരുത്തിയാണ് സിപിഎം പ്രചാരണം നടത്തുന്നതെന്ന് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ചില ലീഗ് കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട കള്ള വോട്ടുകൾ നടന്നിട്ടുണ്ടെന്ന യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്‍റെ പ്രസ്താവനയും ലീഗ് ജില്ലാ കമ്മറ്റി തള്ളി. സുധാകരൻ പറയുന്നത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പാമ്പുരുത്തിയിൽ 28 പ്രവാസികളുടെ വോട്ട് കള്ളവോട്ട് ചെയ്തെന്ന് പട്ടിക സഹിതം പുറത്തുവിട്ട സിപിഎമ്മിനെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് മറുപടി കൊടുക്കാന്‍ ഒരുങ്ങുകയാണ് ലീഗ്. നിലവില്‍ നാട്ടിലുള്ളവരുടെ പട്ടികയാണ് സിപിഎം പുറത്തുവിട്ടതെന്നാണ് ലീഗിന്‍റെ പക്ഷം