തൃശൂർ : കേന്ദ്രത്തില്‍ ഭരണമാറ്റവും കേരളത്തിൽ ഭരണം നടത്തുന്നവരെ പാഠം പഠിപ്പിക്കാനുമാണ് ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ദേശിയ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. തൃശൂർ പ്രസ്സ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ ''ഇവിടെ രാഷ്ട്രീയം പറയാം'' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫിനെയും കേരളത്തിലെ ജനങ്ങളെയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷ്യമാണുള്ളത്.
കേന്ദ്രത്തില്‍ ഭരണമാറ്റത്തിനും കേരളത്തിൽ ഭരണം നടത്തുന്നവരെ പാഠം പഠിപ്പിക്കുക എന്നതുമാണ് അതെന്നും എ.കെ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ ബിജെപി നേതാക്കൻമാർ സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് രാജ്യദ്രോഹപരമായ നടപടിയാണ്. രാഷ്ട്രീയത്തിനും ജാതി-മത വ്യവസ്ഥകള്‍ക്കും അതീതമായി ലോകത്ത് ഏറ്റവും അധികം മൂല്യം കാത്തുസൂക്ഷിക്കുന്നത് സൈന്യമാണെന്നും എ. കെ ആന്‍റണി കൂട്ടിച്ചേർത്തു.