ഇടുക്കി: സേനാപതി പഞ്ചായത്തിൽ യുഡിഎഫില്‍ വിമത ശല്യം രൂക്ഷം. വിമത സ്ഥാനാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ എങ്ങുമെത്താതെ വന്നതിനെ തുടര്‍ന്ന് 1, 11, 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിച്ചെങ്കിലും പത്രിക പിൻവലിക്കാൻ ഇവർ തയ്യാറായില്ല. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം പോലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നതോടെ മൂവരും മത്സര രംഗത്തുണ്ട്.
കഴിഞ്ഞ ഭരണസമിതിയിലെ പന്ത്രണ്ടാം വാര്‍ഡ് അംഗം ജെയിംസ് മത്തായി ഒന്നാം വാര്‍ഡിലും, പത്താം വാര്‍ഡ് മെമ്പറായിരുന്ന ഡെയ്സി പാറത്താനത്ത് മുന്‍ പ്രസിഡന്‍റിനെതിരെ പതിനൊന്നാം വാര്‍ഡിലും, മുന്‍പ് ഒന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച ഗ്രേസി ജോയി പന്ത്രണ്ടാം വാര്‍ഡിലും ഇതോടെ വിമതരായി മാറി. ഇതോടെ ഡിസിസി ഇടപ്പെട്ട് മൂവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കാണിച്ച് നോട്ടീസ് ഇറക്കി. പഞ്ചായത്തിലെ അഴിമതി ചോദ്യം ചെയ്തതിനാലാണ് മുന്‍ മെമ്പര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്.
മുന്നണിയുടെ ശക്തമായ ജനകീയ അടിത്തറയും, സ്ഥാനാര്‍ഥികളുടെ വിപുലമായ വ്യക്തിബന്ധങ്ങളും കൊണ്ട് 'സ്റ്റാര്‍ട്ടിംഗ് ട്രബിള്‍' മറികടന്ന് പഞ്ചായത്ത് നിലനിര്‍ത്താമെന്ന പ്രതീക്ഷയാണ് യു. ഡി. എഫിനുള്ളത്. യു ഡി എഫിലെ ഭിന്നത വോട്ടാക്കി മാറ്റി പഞ്ചായത്ത് ഭരണം തിരകെ പിടിക്കാനുളള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്. 13 സീറ്റുകള്‍ ഉള്ളതില്‍ 9 ല്‍ സി.പി.എമ്മും, 3 ല്‍ സി.പി.ഐയുമാണ് മത്സരിക്കുന്നത്. ഇടത് പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രയും മത്സര രംഗത്തുണ്ട്. 8 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി എന്‍.ഡി.എയും സജീവമാണ്.