വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരേ വാരാണസിയില്‍ ശക്തമായ മത്സരത്തിന് സാധ്യത തുറന്ന് പ്രിയങ്കാഗാന്ധി. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ മോദിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക വീണ്ടും വ്യക്തമാക്കി.
വാരാണസിയില്‍ മല്‍സരിക്കുമോ എന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ച് പ്രിയങ്ക നേരത്തെ രംഗത്തെത്തിയിരുന്നു.
കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ മത്സരകാര്യത്തിൽ അനുകൂലമായ തീരുമാനമാകും ഹൈക്കമാൻഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രിയങ്ക വാരാണസിയിൽ മത്സരിച്ചാൽ മറ്റിടങ്ങളിലെ പ്രചാരണത്തെ അത് ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ പ്രിയങ്ക വാരാണസിയില്‍ മത്സരിക്കണം എന്ന നിലപാടിലാണ് യുപിയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. മോദിയുടെ മണ്ഡലമെന്ന നിലയിൽ ദേശീയശ്രദ്ധ ആകർഷിച്ച വാരാണസിയില്‍ പ്രിയങ്ക മത്സരിച്ചാല്‍ ശക്തമായ പോരാട്ടത്തിന് വാരാണസി വേദിയാകും. മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ നിന്ന് മോദിയെ മാറ്റി നിറുത്താനും പ്രിയങ്കയുടെ മത്സരം കൊണ്ട് സാധ്യമാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.