മലപ്പുറം: വൻ സുരക്ഷാ സംവിധാനത്തോടെ നെടുങ്കയത്തെ ആദിവാസി ബൂത്തിൽ വോട്ടെടുപ്പ്. നിലമ്പൂർ മണ്ഡലത്തിലെ ഏക ആദിവാസി ബൂത്തായ കരുളായി നെടുങ്കയം 170ാം നമ്പർ ബൂത്തിലാണ് സുരക്ഷ സംവിധാനങ്ങളോടെ ആദിവാസികൾ വോട്ട് രേഖപ്പെടുത്തിയത്. 470 വോട്ടർമാരാണ് ബൂത്തിലുള്ളത്.
ഏഷ്യയിലെ പ്രകാന്തന ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട ചോല നായകർ, മുണ്ടക്കടവ് കോളനിയിലെ കാട്ടുനായ്ക്കർ, നെടുങ്കയം കോളനിയിലെ പണിയർ തുടങ്ങിയ വിഭാഗങ്ങളിലെ വോട്ടർമാരാണ് ഈ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഉൾവനത്തിലെ മാഞ്ചീരി, പൂച്ചനള, വട്ടിക്കല്ല്, മുണ്ടക്കടവ് കോളനികളിൽ നിന്നും ജീപ്പ് മാർഗം ഇവരെ ബൂത്തിൽ എത്തിച്ചു. വോട്ടു രേഖപ്പെടുത്തിയ ശേഷം അതേ ജീപ്പികുളിൽ തിരികെ എത്തിക്കുകയും ചെയ്‌തു.
ഛത്തീസ്ഖഡിൽ ജവാൻമാരെ മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്ന സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനമാണ് ബൂത്തിൽ ഒരുക്കിയത്. ബിഎസ്എഫ് ജവാൻമാരും പൊലീസും തോക്ക് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് സുരക്ഷ ക്രമീകരണം സജ്ജമാക്കിയത്.