എറണാകുളം: എൻഡിഎ സ്ഥാനാർഥി പി.എസ് ജയരാജ് കളമശ്ശേരി നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. സൗത്ത് കളമശ്ശേരി വ്യാപാരസ്ഥാപനങ്ങളിലെ വോട്ടർമാരെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും കർഷക തൊഴിലാളികളെയും നേരിൽ കണ്ടാണ് ജയരാജ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കളമശ്ശേരിയുടെ സമഗ്രവികസനമാണ് എൻഡിഎയുടെ ലക്ഷ്യമെന്നും ജനങ്ങൾക്ക് പ്രയോജനപ്രദമായ പദ്ധതികളിലൂടെ കളമശ്ശേരിയെ ഉയർത്തുമെന്നും ജയരാജ് വ്യക്തമാക്കി.
ചെറുകിട കുടിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, ജലസ്രോതസുകൾ മാലിന്യമുക്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കുവാൻ തെരെഞ്ഞെടുപ്പിൽ വിജയിക്കുന്നതിലൂടെ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാഷണലിസ്റ്റ് കേരളകോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എൻ.ഗിരി, ബിജെപി മണ്ഡലം പ്രസിഡൻ്റ് ഷാജി മൂത്തേടൻ, ജന:സെക്രട്ടറി പ്രമോദ് കുമാർ തൃക്കാക്കര, ബിഡിജെഎസ് മണ്ഡലം പ്രസിഡൻ്റ് പി.ദേവരാജൻ തുടങ്ങിയവർ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകി.