ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയായ കായംകുളം മണ്ഡലത്തിൽ പലയിടത്തും സിപിഎം - കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടി.സംഘർഷത്തിനിടെ കായംകുളത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവര്‍ത്തകന്‍ നൗഫലിനും പരിക്കേറ്റിട്ടുണ്ട്. പലയിടത്തായി നടന്ന വിവിധ ആക്രമങ്ങളിൽ ഇരുവിഭാഗത്തിലെയും 30 പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
സിപിഎം പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നില്ലെന്നും പൊലീസ് ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വെട്ടേറ്റ് അഫ്സലിന്‍റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി സന്ദർശിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നില്ലെന്നും പരാജയ ഭീതിയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിനൊപ്പമെത്തിയാണ് ചെന്നിത്തല പരിക്കേറ്റ പ്രവർത്തകരെ സന്ദർശിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.