നെല്ലൂര്‍(ആന്ധ്രപ്രദേശ്): കള്ളനെന്ന് സംശയിച്ച് യുവാവിന് ക്രൂര മര്‍ദനം. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ജോന്നവാഡയിലാണ് സംഭവം. ചവിട്ടിയും, കഴുത്തില്‍ കയര്‍ കെട്ടിയും, നായയെ ഉപയോഗിച്ച് കടിപ്പിച്ചുമായിരുന്നു ക്രൂരകൃത്യം.
ശനിയാഴ്‌ച(17.09.2022) രാത്രിയായിരുന്നു സംഭവം. ജോന്നാവാഡയിലെ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന രമേഷ് എന്ന മധ്യവയസ്‌കനാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. യുവാക്കള്‍ ക്ഷേത്രത്തിന്‍റെ പരിസരത്തു കൂടെ രാത്രിയില്‍ സഞ്ചരിക്കവെ രമേഷിന്‍റെ വളര്‍ത്തുനായ ഇവരെ കണ്ട് കുരച്ചിരുന്നു. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ രമേഷ് ഇവര്‍ കള്ളന്‍മാരാണെന്ന് തെറ്റിദ്ധരിച്ച് പിന്തുടര്‍ന്നു.
രക്ഷപ്പെടാന്‍ രണ്ട് യുവാക്കളിലൊരാള്‍ ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന യുവാവിനെ രമേഷ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഭക്തരിലൊരാള്‍ യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. യുവാവിനെ ആക്രമിക്കുന്നത് കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായപ്പോഴാണ് രമേഷ് യുവാവിനെ വിട്ടയച്ചത്.