ജഗ്‌തിയാൽ (തെലങ്കാന): സ്വത്ത് തർക്കത്തെ തുടർന്ന് ഭർത്താവിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ ഭാര്യമാർ. തെലങ്കാനയിലെ കൊരുട്‌ലയിലാണ് സംഭവം. അയ്‌ലാപൂർ സ്വദേശി മമിദാല നരസിംഹുലു വ്യാഴാഴ്‌ച (7.07.2022) മരിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം കൊരുട്‌ലയിൽ താമസമാക്കിയ നരസിംഹുലുവിന് രണ്ട് ഭാര്യമാരാണ് ഉണ്ടായിരുന്നത്. പൊരുത്തക്കേടുകളെ തുടർന്ന് രണ്ടാം ഭാര്യ മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഏറെ കാലമായി ആദ്യ ഭാര്യയുടെ ഒപ്പമായിരുന്നു നരസിംഹുലു.
കഴിഞ്ഞ ദിവസം അസുഖത്തെ തുടർന്ന് ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ച മമിദാല നരസിംഹുലു വ്യാഴാഴ്‌ച ചികിത്സയിലിരിക്കെ മരിച്ചു. തുടർന്ന് സംസ്‌കാരത്തിനായി കൊരുട്‌ലയില്‍ എത്തിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയ രണ്ടാം ഭാര്യ ഭാരതി ചടങ്ങുകള്‍ തടയുകയും ഭർത്താവിന്‍റെ പേരിലുള്ള സ്വത്തിന്‍റെ പങ്ക് ആവശ്യപ്പെടുകയും ചെയ്‌തു.
ഇരുക്കൂട്ടരും വാക്കേറ്റം ഉണ്ടായെങ്കിലും പകുതി സ്വത്ത് ലഭിക്കണമെന്ന നിലപാടിൽ ഭാരതി ഉറച്ചു നിന്നു. ബന്ധുക്കള്‍ നടത്തിയ അനുനയ ശ്രമവും പരാജയപ്പെട്ടു. തുടർന്ന് നരസിംഹുലുവിന്‍റെ പേരിലുള്ള കൃഷി ഭൂമി ഭാരതിക്ക് നൽകാമെന്ന് ബന്ധുക്കള്‍ ഉറപ്പ് നൽകി.
എന്നാൽ രജിസ്‌ട്രേഷൻ നടത്തി തരാതെ സംസ്‌കാര ചടങ്ങുകള്‍ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു രണ്ടാം ഭാര്യ ഭാരതിയുടെ മറുപടി. ഇതോടെ ചടങ്ങുകള്‍ നിർത്തിവച്ച കുടുംബം നരസിംഹുലുവിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിന്നാലെ കത്തലാപ്പൂർ തഹസിൽദാറുടെ ഓഫിസിലെത്തി രജിസ്‌ട്രേഷൻ നടപടികള്‍ പൂർത്തിയാക്കിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് അവസാനമായത്.
തർക്കങ്ങള്‍ അവസാനിച്ചതോടെ തിരിച്ചെത്തിയ ബന്ധുകള്‍ മമിദാല നരസിംഹുലുവിന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയാക്കി.