തിരുവനന്തപുരം: വിതുരയില്‍ പതിനെട്ടുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. വിതുര സ്വദേശി കിരണ്‍കുമാറിനെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യ പ്രേരണക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 30ന് രാവിലെയാണ് വീടിനുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്‌തത്. രണ്ട് വര്‍ഷത്തോളമായി മരിച്ച പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് വിവാഹ വാഗ്‌ദാനത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പതിനെട്ടുകാരി ആത്മഹത്യ ചെയ്‌തതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.
ആത്മഹത്യ ചെയ്യുന്ന വിവരം പെണ്‍കുട്ടി പ്രതിയെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തിയ ശേഷമാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ദുരൂഹത ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയായ കിരണ്‍ കുമാറിനെ ചോദ്യം ചെയ്‌തത്.
പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കിരണ്‍ കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയായ കിരണ്‍ കുമാര്‍ സ്വന്തം ഫോണിലെ വിവരങ്ങള്‍ നേരത്തേ തന്നെ നശിപ്പിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിതുര പൊലീസ് അറസ്‌റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിലാണ് ഹാജരാക്കിയത്.