എറണാകുളം : രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ആഭ്യന്തര യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ പിടിയില്‍. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെയ്‌ദ് അബു താഹിർ, ബറകത്തുള്ള എന്നിവരാണ് പിടിയിലായത്. വ്യാജ പേരില്‍ ടിക്കറ്റെടുത്ത് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ ഇവരെ കര്‍ശന നിരീക്ഷണത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവര്‍ ടിക്കറ്റെടുത്ത് നെടുമ്പാശ്ശേരിയിലെത്തിയത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന ബാഗുകളില്‍ പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ മുംബൈ വിമാന താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ശ്രീലങ്കൻ വംശജനായ ഒരാളാണ് ബാഗുകള്‍ നല്‍കിയതെന്ന് ഇവർ മൊഴി നൽകി.
എന്നാല്‍ ഗൾഫിൽ നിന്നുമെത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്ത് കടത്താൻ മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായത്തോടെ ഇവർ ആഭ്യന്തര യാത്രക്കാരായെത്തിയെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ആരാണ് ഗൾഫിൽ നിന്ന് സ്വർണം കൊണ്ട് വന്ന് ഇവർക്ക് കൈമാറിയത് എന്നതിനെ സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവർക്കെതിരെ കേസെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ആഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് കസ്റ്റംസ് പരിശോധനയില്ലാത്ത സാഹചര്യം ഉപയോഗപ്പെടുത്തുകയായിരുന്നു സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ ദിവസവും അഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.