തെലങ്കാന : വികാരാബാദ് ജില്ലയിലെ ഗ്രാമത്തിൽ 16 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ കുട്ടിയുടെ പരിചയക്കാരന്‍ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാവലി മഹേന്ദ്രയെന്ന് പേരുള്ള ഒരാളേയും മറ്റ് മൂന്ന് യുവാക്കളെയുമാണ് പിടികൂടിയത്. പരിചയക്കാരനായ മഹേന്ദ്ര പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. മഹേന്ദ്ര പ്രദേശത്ത് പുതിയ വീട് പണിയുന്നുണ്ട്. ഇവിടേക്ക് തന്‍റെ സുഹൃത്തുക്കളെ ഞായറാഴ്ച അത്താഴത്തിന് ക്ഷണിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് മഹേന്ദ്ര കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. കൂട്ടബലാത്സംഗമാണോ അതോ മഹേന്ദ്ര മാത്രമാണോ കുറ്റം ചെയ്തത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഡീഷണൽ എസ്.പി റഷീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Also Read: കാമുകന്‍റെ മുന്നിൽ പെണ്‍കുട്ടിക്ക് ക്രൂര പീഡനം ; മൂന്ന് പേര്‍ പിടിയിൽ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരിയായ കുട്ടിയുടെ മൃതദേഹം അങ്ങാടി ചിറ്റംപള്ളി ഗ്രാമത്തിലെ നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി പതിവുപോലെ വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയെ പിറ്റേന്ന് രാവിലെ വീടിന് അകലെയുള്ള വിജനമായ സ്ഥലത്ത് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.