ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ ഭർത്താവിന്‍റെ ക്രൂരപീഡനങ്ങളെന്ന് ബന്ധുക്കൾ. വർഷങ്ങളായുള്ള ശാരീരിക-മാനസിക പീഡനങ്ങളാണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ഭർത്താവ് റനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും മരിച്ച നജ്‌ലയുടെ സഹോദരി നഫ്‌ല ആവശ്യപ്പെട്ടു.
വിവാഹസമയത്ത് നൽകിയ 40പവൻ സ്വർണവും പത്തുലക്ഷം രൂപയും റനീസ് ചെലവാക്കി. പിന്നീട് പണത്തിനായി നിരന്തരം പീഡനങ്ങൾ തുടർന്നു. പരസ്ത്രീ ബന്ധം കൂടി ആയതോടെ കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു നജ്‌ല എന്നും സഹോദരി പറയുന്നു.
ബന്ധുക്കളുടെ ആരോപണം ശരിയാണെന്നാണ് അയൽവാസികളുടെയും നിലപാട്. ഇവർ പൊലീസിന് നൽകിയ മൊഴിയും റെനീസിന് എതിരാണെന്നാണ് ലഭ്യമായ വിവരം. നജ്‌ലയുടെയും കുട്ടികളുടെയും മരണം കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം പൊലീസ് ഇതുവരെ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റനീസിനെ സൗത്ത് പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
READ MORE:ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും മക്കളും ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ
മെയ് 9നാണ് സംഭവം. മകളെ വെള്ളത്തില്‍ മുക്കി കൊന്ന നിലയിലും മകനെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലും, നജ്‌ലയെ ക്വാട്ടേഴ്‌സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തി പലതവണ കതകിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റെനീസിന്‍റെ മൊഴി. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.