ന്യൂഡൽഹി: ശ്രദ്ധവാക്കർ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി അഫ്‌താബ് പൂനവാല. ദുബായിലുൾപ്പെടെ താന്‍ നിരവധി സ്‌ത്രീകളുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് അഫ്‌താബ് അമിൻ പൂനവാല അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞത്. ഇതേതുടർന്ന് ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ അഫ്‌താബിനെ സംശയിച്ചിരുന്നതായും ഇത് അവർ തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചതായും കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
2022 മെയ് 18 നാണ് ഡൽഹിയിൽ വച്ച് ശ്രദ്ധ വാക്കറെ അഫ്‌താബ് കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്‌ണങ്ങളാക്കി നഗരത്തിന്‍റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. അഫ്‌താബ് മുംബൈയിൽ ഹോട്ടൽ മാനേജ്‌മെന്‍റിൽ ഡിപ്ലോമ പഠിക്കുന്നതിനിടെ മാംസം മുറിക്കുന്നതിനുള്ള പ്രത്യേക കോഴ്‌സും ചെയ്‌തിരുന്നു.
അഫ്‌താബ് ശ്രദ്ധയെ മർദിച്ചിരുന്നു: അഫ്‌താബ് തന്നെ മർദിക്കുന്നതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലിയിൽ നിന്ന് പതിവായി അവധിയെടുക്കേണ്ടി വന്നിരുന്നതായി ശ്രദ്ധ സാക്ഷികളിലൊരാളോട് പറഞ്ഞിരുന്നതായും ശേഷം 2021 മാർച്ച് 18 ന് അവർ ജോലി ഉപേക്ഷിച്ചതായും പൊലീസിന്‍റെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ദുബായിലേത് കൂടാതെ നാഗ്‌പൂരിലുള്ള ഒരു സ്‌ത്രീയുമായും അഫ്‌താബിന് സൗഹൃദ ബന്ധം ഉണ്ടായിരുന്നു.
വഞ്ചിക്കുകയാണെന്ന് സംശയിച്ചു: താൻ അവളെ വഞ്ചിക്കുകയാണെന്ന് ശ്രദ്ധയ്‌ക്ക് സംശയമുണ്ടായിരുന്നു. തങ്ങൾ തമ്മിലുള്ള വഴക്കിന്‍റെ പ്രധാന പ്രശ്‌നമാണിതെന്നും ഈ വിഷയങ്ങളിൽ താൻ ശ്രദ്ധയെ മർദിക്കാറുണ്ടായിരുന്നുവെന്ന് അഫ്‌താബ് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധയുടെ കൊലപാതക ശേഷം അഫ്‌താബ് മറ്റൊരു സ്‌ത്രീയുമായി സൗഹൃദത്തിലായി.
തെളിവായി മോതിരവും രക്തക്കറയും: ഇവർ കൊലപാതകം നടന്ന വീട്ടിൽ വന്നിരുന്ന സമയത്ത് പ്രതി റെഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നു ചെയ്‌തിരുന്നത്. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം ഫ്ലാറ്റിന്‍റെ മുറി, ശുചിമുറി, ഫ്രിഡ്‌ജ്, അടുക്കള എന്നിവിടങ്ങൾ പരിശോധിച്ചതിൽ അടുക്കളയിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. കൂടാതെ ശ്രദ്ധയുടെ വെള്ളിമോതിരം അഫ്‌താബ് തന്‍റെ പുതിയ പെണ്‍സുഹൃത്തിന് സമ്മാനിച്ചതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
2022 നവംബർ 11 നാണ് അഫ്‌താബിന്‍റെ പെൺസുഹൃത്ത് അന്വേഷണത്തിൽ ചേരുന്നതും മോതിരത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ അത് ശ്രദ്ധയുടേതാണെന്ന് തിരിച്ചറിഞ്ഞു. ശ്രദ്ധ അഫ്‌താബിനെതിരെ മുംബൈയിൽ പരാതി നൽകാനുണ്ടായ സാഹചര്യവും അഫ്‌താബ് വെളിപ്പെടുത്തി.
അഫ്‌താബ് കൊല്ലുമെന്ന് ഭയന്നു: 2021 ജൂലൈയിൽ അഫ്‌താബ് തന്നെ കൊല്ലുമെന്ന ഭയം ശ്രദ്ധ പങ്കുവച്ചിരുന്നതായി ശ്രദ്ധയുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു. പ്രതി ഇടയ്‌ക്കിടെ അക്രമാസക്തനായിരുന്നുവെന്നും അവരുടെ ബന്ധം ആരോഗ്യകരമല്ലെന്നും സുഹൃത്തിന്‍റെ മൊഴിയിൽ നിന്നും വ്യക്തമാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ അഫ്‌താബ് തന്‍റെ മറുപടികളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ശ്രദ്ധ തന്നെ ഉപേക്ഷിച്ച് കഴിഞ്ഞ വർഷം മേയ് അഞ്ചിന് വീട് വിട്ട് പോയതായി പൊലീസിനെ അറിയിക്കുകയും ചെയ്‌തു.
also read: ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
ഒരു മാസത്തിന് ശേഷം യുവതി വന്ന് സ്വന്തം സാധനങ്ങൾ എടുത്തുകൊണ്ട് പോയതായും തുടർന്ന് ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു അഫ്‌താബിന്‍റെ ആദ്യത്തെ മൊഴിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നുണ്ട്.