പത്തനംതിട്ട: പതിനഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. പ്രതി അറസ്റ്റില്‍. കോയിപ്രം പുറമറ്റം സ്വദേശിയായ സദൻ പിള്ളയാണ് (47) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് തിരുവല്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
2017 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് സ്‌കൂളിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മ ഫോണില്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് ഇയാളുടെ കടയിലെത്തിച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടുകാരോട് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ നിരവധി തവണ കടയിലേക്ക് വിളിച്ച് വരുത്തി അശ്ലീല ചിത്രങ്ങള്‍ കാണിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പെണ്‍കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി.
അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.