തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹ് രാജേഷ് വധക്കേസിലെ പ്രതിക്ക് വെട്ടേറ്റു. നാലാം പ്രതി എബിക്കാണ്(27) വെട്ടേറ്റത്. വെട്ടേറ്റ് എബിയുടെ വലതുകാൽ രണ്ടായി മുറിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെ പതിനൊന്നരക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം.
വീടിനു സമീപത്തെ റോഡരികിലെ മതിലിലിൽ സുഹൃത്തുമായി ഇരിക്കുകയാരുന്ന എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. എബിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയ വേണ്ടതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഡിസിപി മുഹമ്മദ് ആരിഫ് സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.