പൂനെ: നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പത്തൊമ്പതുകാരന്‍ ജീവനൊടുക്കി. പൂനെ ദത്താവാഡി സ്വദേശിയാണ് സെക്‌സ്‌റ്റോർഷനെ തുടർന്ന് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. യുവാവിനോട് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നത് പ്രീത് യാദവ് എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദത്തവാഡി മേഖലയിലെ അനന്ത് കുമാർ സൊസൈറ്റിയിലാണ് മരിച്ച പ്രീതം ഗെയ്‌ക്‌വാദ് (യഥാര്‍ത്ഥ പേരല്ല) താമസിച്ചിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രീത് യാദവ് എന്ന ഐഡിയിലുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെട്ടു. സൗഹൃദം ദൃഢമായപ്പോള്‍ പെണ്‍കുട്ടി പ്രീതത്തോട് ഒരു അർധനഗ്ന ഫോട്ടോ ആവശ്യപ്പെടുകയും യുവാവ് ചിത്രം പങ്കുവയ്ക്കുകയും ചെയ്‌തു.
ഇതിന് പിന്നാലെ പണം നല്‍കിയില്ലെങ്കില്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടി യുവാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടർന്ന് പ്രീതം 4,500 രൂപ പെണ്‍കുട്ടിക്ക് ഓണ്‍ലൈനായി കൈമാറുകയും ചെയ്‌തു. എന്നാല്‍ ചിത്രത്തെ ചൊല്ലി ഭീഷണി തുടര്‍ന്നതോടെ സെപ്‌റ്റംബർ 30ന് പ്രീതം കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം യുവാവിന് വാട്‌സ്‌ആപ്പിൽ അപരിചിതയായ ഒരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സെപ്‌റ്റംബർ 30ന് വീഡിയോ കോളിനിടെ ഈ സ്‌ത്രീ വിവസ്‌ത്രയാകുകയും പ്രീതത്തോട് നഗ്നനാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെ ഇവർ പണം ആവശ്യപ്പെടുകയും നഗ്നദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായും പൊലീസ് വ്യക്തമാക്കി.
Also Read: നഗ്നദൃശ്യങ്ങൾ കാണിച്ച് പണംതട്ടൽ; സെക്‌സ്റ്റോർഷൻ വ്യാപകമാകുന്നു