തിരുവനന്തപുരം: വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കി സർട്ടിഫിക്കറ്റുകൾ വിൽപന നടത്തുന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. അവിനാഷ് റോയി വർമന്‍ എന്നയാളുടെ ജാമ്യാപേക്ഷയാണ് പ്രസിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. രാജ്യത്തെ വിവിധ പരീക്ഷാ ബോർഡുകളുടെയും, സർവകലാശാലകളുടെയും പേരിൽ വ്യാജ വെബ്‌സൈറ്റുകൾ തയാറാക്കിയാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പന നടത്തിയിരുന്നത്.
തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ സി.ജെ.എം കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേരളപി.എസ്.സിയുടെ വെബ്‌സൈറ്റിൽ വരെ തട്ടിപ്പ് നടത്തുവാൻ പ്രതി ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തട്ടിപ്പിനായി ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ, തട്ടിപ്പ് നടത്തിയ രീതികൾ എന്നിവ കണ്ടുപിടിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥൻ്റെ അവശ്യ പ്രകാരം ഇയാളെ കസ്റ്റഡിയിൽ നൽകിയിരുന്നു.
കേരള പി.എസ്.സിയെ കൂടാതെ പരീക്ഷ ഭവൻ, കേരള ഹയർസെക്കൻഡറി,കൊച്ചിൻ സർവകലാശാല, ഡൽഹി യൂണിവേഴ്‌സിറ്റി, അസം പരീക്ഷ ബോർഡ് തുടങ്ങി ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാജ വെബ് സൈറ്റുകൾ നിർമ്മിച്ച് പ്രതി തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കേസ്.