ലഖിംപൂര്‍ (അസം): ശസ്ത്രക്രിയ വൈകിയതു മൂലം ഗര്‍ഭിണി മരിച്ചതിനെ തുടര്‍ന്ന് അസമിലെ ലഖിംപൂർ മെഡിക്കൽ കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ. പുതുതായി ഉദ്‌ഘാടനം ചെയ്‌ത മെഡിക്കൽ കോളജിൽ ഇത്തരം സംഭവങ്ങൾ തുടര്‍ക്കഥയാണ്. സോനിത്പൂർ സ്വദേശിയായ പ്രാണെ പട്‌ഗിരിയുടെ ഭാര്യ കന്യ പട്‌ഗിരിയാണ് മരിച്ചത്.
മെയ് 31 ന് വൈകിട്ടാണ് ലഖിംപൂർ മെഡിക്കൽ കോളജില്‍ പ്രസവത്തിനായി കന്യയെ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടക്കം മുതലേ ഡോക്‌ടര്‍ അലംഭാവം കാട്ടിയതായി കുടുംബം പറഞ്ഞു. ജൂൺ 2 ന് കന്യയെ സിസേറിയൻ ചെയ്യുന്നതിനായി ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. അതിനിടെ, തിയേറ്ററിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു.
ജനറേറ്ററിൽ ഇന്ധനമില്ലാത്തതിനാൽ ഡോക്‌ടർ ശസ്ത്രക്രിയ വൈകിപ്പിച്ചു. ഇതാണ് ഗര്‍ഭിണിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുടുംബം ലഖിംപൂർ സദർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഗര്‍ഭിണിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് പ്രാദേശിക സംഘടനകളും ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ല ഡെപ്യൂട്ടി കമ്മിഷണറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.