പത്തനംതിട്ട : റോഡിൽ മാർഗ്ഗ തടസം സൃഷ്‌ടിച്ചു കിടന്ന തടിലോറി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പൊലീസുകാരന് മർദനം. റാന്നി പെരുനാട്ടിലാണ് സംഭവം. പെരുനാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍ കുമാറിനാണ് മർദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍ കുമാര്‍.
ആക്രമണത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ അനിൽകുമാര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ അത്തിക്കയം സ്വദേശികളായ സചിന്‍, അലക്‌സ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു. പെരുനാട്ടില്‍ കിഴക്കെ മാമ്പ്രയിലെ കണ്ടംകുളത്ത് വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗതാഗതം തടസപ്പെടുത്തി ലോറിയില്‍ തടി കയറ്റുന്നത് ശ്രദ്ധയില്‍ പെട്ട അനില്‍ കുമാര്‍ വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കാതെ തടി കയറ്റണമെന്ന് ആവശ്യപ്പെട്ടു.
ഇതിനെതുടർന്നുണ്ടായ തര്‍ക്കത്തിനിടെയാണ് അനിൽകുമാറിന് മർദനമേറ്റത്. പൊലീസ് എത്തിയാണ് പരിക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം റാന്നി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
Also Read വയോധികയെ ആക്രമിച്ച് പണം കവർന്ന കേസ്: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്