പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടില്‍ പൊലീസുകാരനെ മര്‍ദിച്ച കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം അഭിഭാഷകനെ മര്‍ദിച്ചതായി പരാതി. കേസിലെ പ്രതികളെ അന്വേഷിച്ച് പെരുനാട് സ്വദേശിയായ അഭിഭാഷകൻ അനു മാത്യുവിന്‍റെ വീട്ടിലെത്തിയ പൊലീസ് മര്‍ദിച്ചെന്നാണ് പരാതി.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ബാര്‍ അസോസിയേഷനും രംഗത്തെത്തി. വെളളിയാഴ്ച്ച രാത്രിയിലാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെരുനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനില്‍ കുമാറിനെ രണ്ടുപേര്‍ മര്‍ദിച്ചത്. റോഡിൽ ഗതാഗത തടസം സൃഷ്‌ടിച്ച് ലോറിയിൽ തടി കയറ്റുന്നത് സംബന്ധിച്ചുണ്ടായ തർക്കതെ തുടർന്നായിരുന്നു അക്രമം.
ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസുകാര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. അഭിഭാഷകനായ അനു മാത്യുവിന്‍റെ വീട്ടിലെത്തി പൊലീസുകാര്‍ അക്രമം അഴിച്ചുവിട്ടെന്നാണ് ബാര്‍ അസോസിയേഷന്‍റെ പരാതി. അനു മാത്യുവിന്‍റെ വീട്ടില്‍ പ്രതികള്‍ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ് എത്തിയത്.
എന്നാല്‍ പരിശോധിക്കാന്‍ അനുമതിയുണ്ടോ എന്ന് ചോദിച്ചതിന് പെരുനാട് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് അനു മാത്യു പറയുന്നത്. പരിക്കേറ്റ അഭിഭാഷകന്‍ അനു മാത്യു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അഭിഭാഷകന്‍റെ വീട്ടില്‍ പ്രതികള്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാന്‍ എത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.