എറണാകുളം: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കൊച്ചി സിറ്റി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു കൂട്ടബലാത്സംഗം ചെയ്‌തത്. ഈ കേസിൽ ഒൻപത് പേരെയാണ് പൊലീസ് പിടികൂടിയത്.
പെൺകുട്ടിയുടെ പരാതിയിൽ 4 പേരെ സെൻട്രൽ പൊലീസും അഞ്ച് പേരെ പാലാരിവട്ടം പൊലീസും അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതി ഡൊണാൾഡ് സമാനമായ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയാണ്. ഗിരിജ, വിജിൽ മാത്യു ജോർജ്ജ്, നിഖിൽ ആന്‍റണി, അച്ചു എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. മനോജ്, ജോഷി, അജിത്ത്, സലാം എന്നിവരെ സെൻട്രൽ പൊലീസും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. വീട് വിട്ടറിങ്ങി ജോലി തേടി കൊച്ചിയിൽ എത്തിയ പെൺകുട്ടിയെ ജോലി വാഗ്‌ദാനം ചെയ്‌ത് ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട മുഖ്യപ്രതി ഡൊണാൾഡ് വിവേകാനന്ദ റോഡിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരും പീഡനത്തിനിരയാക്കി. ഇതിനുശേഷം വീണ്ടും കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ മനോജ് സഹായം വാഗ്‌ദാനം ചെയ്‌ത് ചിറ്റൂർ റോഡിലുള്ള ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ ലോഡ്‌ജിന്‍റെ ഉടമ കെ ബി സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു.
പിന്നീട് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്ക് കൈമാറിയെന്നാണ് പൊലീസ് നൽകുന്ന വിവരം. തിരുവനന്തപുരത്ത് നിന്നും പൊലീസ് കണ്ടെത്തിയ പെൺകുട്ടിയെ ചൈൽഡ് വെൽെഫയർ കമ്മിറ്റി നിർഭയ ഹോമിലേക്കു മാറ്റിയിരുന്നു.
കുട്ടി ഒരു മാസത്തിനു ശേഷമാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇരുപത്തിയൊന്ന് പ്രതികളുള്ള കേസിൽ പന്ത്രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്.