പത്തനംതിട്ട: വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പത്തനംതിട്ട എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. പന്തളം കുളനട ചാങ്ങിഴേത്ത് കിഴേക്കേതില്‍ മധുസൂദനന്‍റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്‌ച 66 കുപ്പി വിദേശ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്. മധുസൂദനനെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു.
ഒരു ലിറ്ററിന്‍റെ 16 കുപ്പി, 375 മില്ലിയുടെ 50 കുപ്പി, 100 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ മാത്രം വില്ക്കാന്‍ അനുമതിയുള്ള വിദേശ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ:51 ലിറ്റർ മദ്യവുമായി വയനാട്ടില്‍ ഒരാൾ പിടിയിൽ
വീടിനോട് ചേർന്ന് അടുക്കി വച്ചിരുന്ന വിറകുകള്‍ക്ക് ഇടയിലാണു മദ്യം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷവും ഇയാൾ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു. പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കില്‍ ഇന്‍സ്‌പെക്‌ടര്‍ എസ്. ഷിജുവിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.