എറണാകുളം: ആലുവയിൽ നിയമ വിദ്യാർഥി മൊഫിയ പർവീൻ ആത്മഹത്യ ചെയ്‌ത കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മൊഫിയയുടെ മാതാപിതാക്കൾ.
Mofia suicide case: മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്ത് പറഞ്ഞ ആലുവ ഈസ്‌റ്റ് സ്‌റ്റേഷന്‍ സി.ഐ സുധീറിനെ ഒഴിവാക്കിയ പൊലീസ് നടപടി അംഗീകരിക്കില്ലന്ന് മൊഫിയയുടെ മാതാപിതാക്കള്‍. സി.ഐ.സുധീർ അടക്കമുള്ളവരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പിതാവ് ദിൽഷാദ്. പ്രതികൾക്കെതിരെ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എസ് പി.ബി. രാജീവ് ചൊവ്വാഴ്‌ചയാണ് കുറ്റപത്രം സമപ്പിച്ചത്.
ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകാനെത്തിയ മൊഫിയയോട് സി.ഐ മോശമായി പെരുമാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. എഫ്.ഐ.ആറിലും സി.ഐ സുധീറിനെതിരെ പരാമർശമുണ്ടായിരുന്നു. എന്നാൽ കുറ്റപത്രത്തിൽ നിന്നും സുധീറിനെ ഒഴിവാക്കുകയായിരുന്നു. മൊഫിയയുടെ ഭർത്താവ് സുഹൈലിന്‍റെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയതിലും മൊഫിയയുടെ മാതാപിതാക്കൾ വിമർശനമുന്നയിച്ചു.
ഒന്നാം പ്രതിയായ ഭർത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഭർതൃ വീട്ടിൽ മോഫിയ സ്‌ത്രീധന പീഡനത്തിനും, ഗാർഹിക പീഡനത്തിനും ഇരയായി എന്നാണ് കുറ്റപത്രത്തിലുള്ളത്. ഭർത്താവ് സുഹൈൽ സ്‌ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മർദിച്ചിരുന്നുവെന്നും ഇതാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ.
സുഹൈലിന്‍റെ അമ്മയും മൊഫിയയെ മർദിച്ചിരുന്നു. പിതാവ് യൂസഫ് ഇതിനെല്ലാം കൂട്ടുനിന്നു എന്നുമാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. ഒന്നാം പ്രതി സുഹൈൽ നിലവിൽ ജുഡിഷ്യൽ കസ്‌റ്റഡിയിലാണ്. അതേസമയം രണ്ടാം പ്രതി റുഖിയ, മൂന്നാം പ്രതി യൂസഫ് എന്നിവർക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്‌മഹത്യ. കഴിഞ്ഞ നവംബര്‍ 23നായിരുന്നു ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്‍റെ മകൾ മൊഫിയ പര്‍വീണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്