പാലക്കാട്: ഷാജഹാൻ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ കൂടി കസ്റ്റഡിയിൽ എടുത്തതായി പൊലീസ്. ഇതോടെ ഒൻപത് പേരെയാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.
ചോദ്യം ചെയ്യലിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരും പിടിയിലായതായി കരുതുന്നുവെന്നും പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 14ന് രാത്രിയാണ് പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.15ന് ഷാജഹാന്‍റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. 8 പേരടങ്ങുന്ന അക്രമി സംഘം വടി വാള്‍ ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു.
മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ഷാജഹാന് ലോക്കല്‍ കമ്മിറ്റിയില്‍ ഇടം ലഭിച്ചതില്‍ അസ്വസ്ഥരായ പ്രതികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിന്നീട് ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ നേരത്തെ തന്നെ സിപിഎം വിട്ടതാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു.