കോട്ടയം: രാമപുരം സ്വദേശിയായ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച് കൈക്ക് പൊട്ടലും കണ്ണിന് ഗുരുതര പരിക്കുമേൽപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. കുറവിലങ്ങാട് തോട്ടുവ ചിറക്കൽ തോമസ് വർഗ്ഗീസാണ് പാല പൊലീസിന്‍റെ പിടിയിലായത്. പാല എ. എസ്. പി നിധിൻ രാജ് ഐ.പി.എസിന്‍റെ നിർദ്ദേശാനുസരണം എസ് .എച്ച്. ഒ കെ.പി തോംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
മെയ് ഏഴിന് പാല മുണ്ടുപാലത്ത് വച്ചാണ് രാമപുരം കുണിഞ്ഞി സ്വദേശിയെ മാരകായുധംകൊണ്ട് ആക്രമിച്ചത്. കൈയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ സബ് ഇൻസ്പെക്‌ടർ ഷാജി സെബാസ്റ്റ്യൻ എ.എസ് .ഐ ബിജു കെ. തോമസ് ,സി. പി. ഒ രഞ്ജിത് സി എന്നിവർ ചേർന്ന് പിറവം പാമ്പാക്കുടയിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി.
1999 ൽ ഇടുക്കി മുരിക്കാശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ കൈ വെട്ടിമാറ്റിയ കേസ്, പാലായിലും തൊടുപുഴയിലും ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസ്, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വഞ്ചനാകേസ്, കുറവിലങ്ങാട് പൊലീസിനെ ആക്രമിച്ച കേസ് എന്നിവയുൾപ്പെടെ നിരവധി അടിപിടി കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ പാല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.