കൊല്ലം: മുളങ്കാടകം ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പതിനേഴുകാരനെ പൊലീസ് പിടികൂടി. ചവറ സ്വദേശിയാണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ്‌ടീമാണ് കുട്ടി കള്ളനെ പിടികൂടിയത്. ഈ മാസം 27ന് പുലർച്ചെയാണ് മുളങ്കാടകം ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം അപഹരിച്ചത്. ഓട് പൊളിച്ച് ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്‌ടാവ് രണ്ട് കാണിക്കവഞ്ചികളിലെ പണമാണ് അപഹരിച്ചത്. മോഷ്‌ടാവ് എത്തിയ സൈക്കിൾ ക്ഷേത്രത്തിന് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
ക്ഷേത്രത്തിലെ സി.സി.ടി വി യിൽ നിന്നും മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സൈക്കിൾ കേന്ദ്രീകരിച്ചും, റോഡിലെ മൂന്നിടങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി.സി.ടി.വി പരിശോധിച്ചുമാണ് പ്രതിയെ കണ്ടെത്തിയത്. ദളവാപുരം നീലേശ്വരത്ത് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഈ മാസം നാലാം തീയതി ഇതേ ക്ഷേത്രത്തിൽ നടന്ന മോഷണവും ഇയാൾ തന്നെയാണ് ചെയ്‌തതെന്ന് പ്രതി സമ്മതിച്ചു. ചവറയിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.