ജയ്‌പൂര്‍: രാജസ്ഥാന്‍ ടോങ്കില്‍ അമ്മയേയും മകളെയും നഗ്നരാക്കി മര്‍ദിച്ച കേസില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. ഫെബ്രുവരി 22ന് പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സംഭവമറിഞ്ഞ് അന്വേഷിച്ചെത്തിയ അമ്മയേയും സംഘം തടഞ്ഞുവെച്ചു.
മകളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച പ്രതികള്‍ അമ്മയേയും കുട്ടിയെയും നഗ്നരാക്കി മര്‍ദിച്ചു. പ്രതികളെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. അമ്മയേയും മകളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളുടെ കുടുംബാംഗങ്ങളില്‍ ഒരാളാണ് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കു വച്ചത്. വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ബുധനാഴ്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്ന് ദിവസത്തോളം പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടത്തിവരികയാണെന്ന് ടോങ്ക് സിറ്റി എസ്‌പി ഓം പ്രകാശ് പറഞ്ഞു.