കാസർകോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഷഹാനയുടെ ഭർത്താവ് സജാദിന്‍റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സുദർശൻ. ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് അന്തിമ നിഗമനത്തിലേക്ക് എത്തിയിട്ടില്ലെന്നും എസിപി പറഞ്ഞു. ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ സംഘം ചെറുവത്തൂരിലെ വീട്ടിലെത്തിയാണ് ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തത്. ഷഹാനയുടെ മാതാവ് ഉമൈബ, സഹോദരങ്ങൾ, രണ്ട് ബന്ധുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴിയെടുക്കൽ രണ്ട് മണിക്കൂർ നീണ്ടു. ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കുടുംബം വ്യക്തമാക്കി.
കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹാനയെ മെയ് 12ന് രാത്രിയിലാണ് പറമ്പില്‍ ബസാറിലുള്ള വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷഹാനയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.
കേസിൽ അറസ്റ്റിലായ ഭർത്താവ് സജാദ് റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണസംഘം തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. ആത്മഹത്യ പ്രേരണ, ശാരീരിക മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചേർത്താണ് സജാദിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
Also read; മോഡല്‍ ഷഹാനയുടെ മരണം: 'സജാദിന് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിരുന്നുവെന്ന് സംശയം'