ലഖ്‌നൗ: പബ്‌ജി കളിക്കുന്നത് തടഞ്ഞതിന് 16കാരൻ അമ്മയെ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ പിജിഐ ഏരിയയിലാണ് സംഭവം. ശനിയാഴ്‌ചയാണ് (04.06.2022) മകൻ അമ്മയെ വധിച്ചത്. സൈനിക ഉദ്യോഗസ്ഥനായ പിതാവിന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്.
ചൊവ്വാഴ്‌ച(07.06.2022) രാത്രി പകുതി അഴുകിയ നിലയിലാണ് പൊലീസ് അമ്മയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകശേഷം മൃതദേഹം ഒരു മുറിയിൽ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധമകറ്റാൻ റൂം ഫ്രഷ്‌നർ ഉപയോഗിച്ചു. കൊലപാതകത്തെ കുറിച്ച് ആരോടും പറയരുതെന്ന് 9 വയസുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തുകയും മറ്റൊരു മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു.
ചൊവ്വാഴ്‌ച (07.06.2022) വൈകുന്നേരം ദുർഗന്ധം രൂക്ഷമായപ്പോൾ മകൻ പിതാവിനോട് വ്യാജകഥ മെനഞ്ഞ് അമ്മ മരിച്ചതായി അറിയിച്ചു. പിതാവ് അയൽവാസികൾ വഴി പൊലീസിൽ വിവരം അറിയിച്ചുവെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു എന്നും പബ്‌ജി കളിക്കുന്നതിൽ നിന്നും അമ്മ മകനെ തടയാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.
അച്ഛനോട് പറഞ്ഞ വ്യാജ കഥ പൊലീസിനോട് മകൻ ആദ്യം ആവര്‍ത്തിച്ചെങ്കിലും ചോദ്യം ചെയ്യലില്‍ സത്യം പുറത്തുവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.