ടോക്കിയോ: സന്തോഷവതികളായ സ്ത്രീകളെ കൊല്ലണമെന്ന് ഉറപ്പിച്ച് യുവാവ് നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. 36കാരനായ യുക്സെ സുഷിമയാണ് പൊലീസിന്‍റെ പിടിയിലായത്. സെയ്ജോഗകുയാൻ സ്റ്റേഷന് സമീപത്താണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്ത്.
സന്തോഷവതികളായ സ്ത്രീകളെ കൊല്ലണമെന്ന് ആഗ്രഹം
സന്തോഷവതികളായ സ്ത്രീകളെ വധിക്കണമെന്നതാണ് തന്‍റെ ആഗ്രഹം. അതിനാണ് താൻ ആക്രമിക്കുന്നത്. ആളുകള്‍ കൂടുതലുള്ള സ്ഥലത്തെത്തി കൂടുതല്‍ പേരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് താന്‍ കത്തിയുമായി ട്രെയിന്‍ തെരഞ്ഞെടുത്തത്. ട്രെയിനിന് ഉള്ളില്‍ എത്തിയ പ്രതി തന്‍റെ അടുത്ത് ഇരുന്ന യാത്ര ചെയ്യുന്ന സ്ത്രീയെയാണ് ആദ്യം കത്തി ഉപയോഗിച്ച് ആക്രമിച്ചത്. പിന്നീട് ബോഗിയില്‍ ഉണ്ടായിരുന്ന നിരവധി പേരേയും ആക്രമിച്ചു. അതിനിടെ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയിരുന്നു.
ആക്രമണത്തിന് ശേഷം ഉദ്യോഗസ്ഥരുടെ ശ്രദ്ധതിരിക്കാന്‍ ശ്രമം
ഇവിടെ ചാടി ഇറങ്ങിയ പ്രതി താന്‍ ആക്രമിക്കപ്പെട്ടു എന്ന് വിളിച്ച് പറയുകയായിരുന്നു. തനിക്ക് പ്രാഥമിക ചികിത്സ തരാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. പ്രതിക്കൊപ്പം രക്തത്തില്‍ കുളിച്ച് നിരവധി പേര്‍ പുറത്തിറങ്ങിയതോടെ സ്റ്റേഷനില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും എത്തി. ഇതിനിടെ രക്ഷപെടാനായി ഓടിയ പ്രതി അടുത്തുള്ള കടയില്‍ കയറി. രക്ത കറയുമായി വന്ന ഇയാളെ കണ്ട കടയുടെ മാനേജര്‍ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
ഒരു യുവതി ഗുരുതരാവസ്ഥയില്‍
ഇയാളുടെ അക്രമത്തില്‍ പരിക്കേറ്റ ഇരുപതുകാരിയായ യുവതി ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ അഗ്നിശമന സേനയാണ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം അക്രമം നടന്നത് ഒളിമ്പിക്സ് വേദിക്ക് 15 കിലോ മീറ്റര്‍ പരിധിയിലാണ് എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രതിയുടെ കയ്യില്‍ നിന്നും പൊലീസ് എണ്ണയും ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. അക്രമ ശേഷം വണ്ടിക്ക് തീയിടാനായാണ് ഇത് കയ്യില്‍ സൂക്ഷിച്ചതെന്നാണ് പ്രാദേശിയ ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജപ്പാനില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
ജപ്പാനിൽ തോക്കുമായുള്ള ആക്രമണങ്ങള്‍ കുറവാണെങ്കിലും സമീപ വർഷങ്ങളിൽ രാജ്യത്ത് കത്തി ഉപയോഗിച്ച് നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 2019ല്‍ ഒരാള്‍ കത്തി ഉപയോഗിച്ച് ബസ് സ്റ്റോപ്പില്‍ നില്‍ക്കുയായിരുന്നു സ്ക്കൂള്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചിരുന്നു. 2018ല്‍ മറ്റൊരാള്‍ നടത്തിയ ആക്രമണത്തില്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016 ല്‍ ബുള്ളറ്റ് ട്രെയിനില്‍ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ വായനക്ക്: പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ