ജബല്‍പൂര്‍ (മധ്യപ്രദേശ്) : പ്രായപൂർത്തിയാകാത്ത അര്‍ധ സഹോദരിയെയും മുത്തശ്ശിയെയും ബലാത്സംഗം ചെയ്ത് സഹോദരന്‍മാര്‍. ബന്ധുവും പ്രായപൂർത്തിയാകാത്തതുമായ സഹോദരിയെയും മുത്തശ്ശിയെയും സൂരജ്, ആകാശ് എന്നിവര്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം മരിച്ചു.
പൊലീസ് പറയുന്നതനുസരിച്ച്, മുംബൈ നിവാസിയായ പെൺകുട്ടി (16) ഓഗസ്‌റ്റ് 13 ന് ജബൽപൂരിലെ അമ്മാവന്റെ വസതിയിലെത്തി. പെണ്‍കുട്ടിയെ സഹോദരന്മാര്‍ മുത്തശ്ശിയോടൊപ്പം സ്വീകരിച്ചു. സഹോദരന്മാർ അവളെ മർദിക്കുകയും തുടര്‍ന്നുള്ള അഞ്ച് ദിവസം ആവർത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തു. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇവര്‍ സംസ്‌കരിക്കുകയും ചെയ്തു.
'ജബൽപൂരിൽ എത്തിയ ശേഷം, പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ഓഗസ്‌റ്റ് 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തു. ശാരീരിക നില വഷളായതിനെ തുടർന്ന് ഓഗസ്‌റ്റ് 19 ന് കുട്ടിയെ വിക്‌ടോറിയ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ അടുത്ത ദിവസം തന്നെ പെൺകുട്ടി മരിച്ചു. മൃതദേഹം ഓഗസ്‌റ്റ് 21 ന് അമ്മാവന്റെ വീട്ടുകാർ സംസ്‌കരിക്കുകയായിരുന്നു'. അസിസ്‌റ്റന്‍റ് സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് പ്രദീപ് കുമാർ ഷെൻഡേ പറഞ്ഞു.
അതേസമയം, നടപടിയെ എതിര്‍ത്തതിന് സൂരജ് മുത്തശ്ശിയെയും ബലാത്സംഗം ചെയ്‌തുവെന്നും എസിപി പ്രദീപ് കുമാർ ഷെൻഡേ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് ബുധനാഴ്ച വിഷയം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളിൽ ഒരാളെ ഇതിനകം അറസ്‌റ്റ് ചെയ്തിട്ടുണ്ടെന്നും പ്രദീപ് കുമാർ ഷെൻഡേ കൂട്ടിച്ചേര്‍ത്തു. അതേസമയം, മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ഫോറൻസിക് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച (25.08.2022) പുറത്തെടുത്തു.