കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനവും നടത്തിപ്പും അതിപരിതാപകരമെന്ന് അന്വേഷണ റിപ്പോർട്ട്. നിലവിലെ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും കണ്ടെത്തൽ. മാനസിക അസ്വാസ്ഥ്യമുള്ളവരെ പരിചരിക്കാൻ പറ്റിയ ഒരു സംവിധാനവും നിലവിൽ അവിടെയില്ല. ജയിൽ സംവിധാനം പോലെ പ്രത്യേക പരിശീലനം കിട്ടിയ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും കോഴിക്കോട് അഡീഷണൽ ഡിഎംഒയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
അന്തേവാസികളുടെ മുന്നിൽ പകച്ച് പോകുന്ന സെക്യൂരിറ്റി സംവിധാനമാണ് നിലവിലുള്ളത്. 1996 മുതൽ മാനസിക ആരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം ഹൈക്കോടതി നേരിട്ട് വിലയിരുത്തിയിട്ടും ഒരു മാറ്റവും പ്രകടമായില്ല. ജീവൻ പണയംവച്ച് പ്രവർത്തിക്കുന്ന ജീവനക്കാരെയും കൊണ്ട് മാനസിക ആരോഗ്യ കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം : ദിലീപിന്‍റെ ഹര്‍ജിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍
ചെറിയ മാനസിക പ്രശ്നങ്ങളുമായി എത്തുന്ന അന്തേവാസികൾക്ക് മുഴുഭ്രാന്താവുന്ന അവസ്ഥയും അവിടെയുണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ. മഹാരാഷ്‌ട്ര സ്വദേശിയായ വനിത അന്തേവാസിയുടെ കൊലപാതകം നടന്ന പശ്ചാത്തലത്തിലാണ് കോഴിക്കോട് അഡീഷണൽ ഡിഎംഒയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണം നടന്നത്. വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.
കേസിൽ പ്രതിയായ ബംഗാൾ സ്വദേശിനിയെ അറസ്റ്റ് ചെയ്ത് മാനസിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. നാല് ഏക്കറിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ നാനൂറിനടത്ത് അന്തേവാസികളാണ് ഉള്ളത്. ഇതിൽ നൂറോളം പേർ സ്‌ത്രീകളാണ്. 20 സെക്യൂരിറ്റി ജീവനക്കാർ വേണ്ട സ്ഥലത്ത് നാല് പേരാണ് നിലവിലുള്ളത്.