കോഴിക്കോട് : കോട്ടൂളിയിലെ പെട്രോൾ പമ്പില്‍ കവർച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇവിടുത്തെ മുന്‍ ജീവനക്കാരനും എടപ്പാൾ സ്വദേശിയുമായ സാദിഖ് (22) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ വാടക ക്വാട്ടേഴ്‌സിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
സാദിഖില്‍ നിന്ന് 35,000 രൂപ പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച (ജൂണ്‍ 8)അര്‍ധരാത്രിയായിരുന്നു സംഭവം. കോട്ടും മുഖം മൂടിയും ധരിച്ചെത്തിയ സാദിഖ് മൽപ്പിടുത്തത്തിലൂടെ ജീവനക്കാരനായ മുഹമ്മദ് റാഫിയെ കീഴടക്കി തോർത്തുമുണ്ടുകൊണ്ട് കൈകൾ ബന്ധിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്.
പരിക്കേറ്റ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്പതിനായിരം രൂപയാണ് പെട്രോൾ പമ്പില്‍ നിന്ന് ഇയാള്‍ മോഷ്‌ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.