ലോസ് ഏഞ്ചല്‍സ് : യുഎസിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഹോഷിയാർപൂര്‍ ഹർസി പിണ്ട് സ്വദേശികളായ ജസ്‌ദീപ് സിങ് (36), ഭാര്യ ജസ്‌ലില്‍ കൗര്‍ (27), ഇവരുടെ എട്ട് മാസം പ്രായമുള്ള മകള്‍ അരൂഹി ദേരി, ജസ്‌ദീപിന്‍റെ സഹോദരന്‍ അമന്‍ദീപ് സിങ് (39) എന്നിവര്‍ക്കാണ് ജീവഹാനി. ബുധനാഴ്‌ച (സെപ്‌റ്റംബർ 5) കാലിഫോര്‍ണിയയിലെ ഇന്ത്യാന റോഡിനും ഹച്ചിന്‍സണ്‍ റോഡിനുമിടയിലുള്ള തോട്ടത്തില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മെര്‍സെഡ് കൗണ്ടി ഷെരീഫ് വെർൺ വാറൻകെ പറഞ്ഞു.
തോട്ടത്തിലെ ജീവനക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാലുപേരുടെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നാലംഗ ഇന്ത്യന്‍ കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സെഡ് കൗണ്ടിയില്‍ ഇവർ പുതുതായി ആരംഭിച്ച ട്രക്കിങ് കമ്പനിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.
ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പുറത്തുവന്നിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ജസ്‌ദീപ് സിങ്, അമന്‍ദീപ് സിങ് എന്നിവരെ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതാണ് ദൃശ്യം. പിന്നാലെ ജസ്‌ലിനെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനേയും ട്രക്കില്‍ കയറ്റിക്കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ജീസസ് മനുവേല്‍ സൽഗാഡോ, കുടുംബത്തെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ചൊവ്വാഴ്‌ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.