ബംഗളൂരു: ഓൺലൈൻ മൊബൈൽ ആപ്പുകൾ വഴി ആളുകളെ കബളിപ്പിച്ച് 84 കോടി രൂപ തട്ടിയെടുത്ത മലയാളിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തു. കേരളത്തിൽ നിന്നുള്ള അനസ് അഹമ്മദ് ആണ് അറസ്റ്റിലായത്. പവർ ബാങ്ക്, സൺ ഫാക്ടറി എന്നീ പേരുകളിലുള്ള ഓൺലൈൻ മൊബൈൽ ആപ്പുകൾ വഴി ഇയാൾ രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകളിൽ നിന്നാണ് പണം തട്ടിയത്.
ആപ്പുകൾ വഴി പണം നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിച്ച പ്രതി, നിക്ഷേപിക്കുന്ന തുകയ്ക്ക് ഇരട്ടി പലിശ വാഗ്ദാനം ചെയ്യുകയും ചെയ്‌തു. ഈ പണം ഹവാല പ്രവർത്തനങ്ങൾക്കാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ചൈന ആസ്ഥാനമായുള്ള ഹവാല ഇടപാടുകാരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ALSO READ:പാക് ബന്ധം: 35 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍
ബുൾഫിഞ്ച് സോഫ്‌റ്റ്‌വെയർ, എച്ച് ആൻഡ് എസ് വെഞ്ചേഴ്‌സ്, ക്ലിപ്‌ഫോർഡ് വെഞ്ചേഴ്‌സ്, ബയോസോഫ്റ്റ് വെഞ്ചേഴ്‌സ് തുടങ്ങിയ കമ്പനികളും തന്‍റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ചൈനീസ് പൗരയായ ഇയാളുടെ ഭാര്യ ഹു സിയാവോലിനും സഹായിച്ചു.
റേസർപേ സോഫ്റ്റ്‌വെയർ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടിബറ്റൻ പൗരൻ ഉൾപ്പെടെ 10 പ്രതികൾക്കൊപ്പം തട്ടിപ്പ് കേസിൽ കഴിഞ്ഞ നവംബറിൽ സിഐഡി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യയെയും അന്ന് സിഐഡി കസ്റ്റഡിയിലെടുത്തിരുന്നു.
അനസ് അഹമ്മദിനെതിരെ രാജ്യത്തുടനീളം നൂറുകണക്കിന് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു. വിദേശ പൗരന്മാരും കമ്പനികളും ഉൾപ്പെട്ട കേസായതിനാലാണ് സിബിഐ, ഇന്‍റലിജൻസ് ബ്യൂറോ, ഇഡി തുടങ്ങിയ ദേശീയ ഏജൻസികൾ വഴി അന്വേഷണം നടത്തുന്നത്.