ബെംഗളൂരു: കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണമായ പോക്‌സോയും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ബലാത്സംഗ കുറ്റങ്ങളും ചുമത്തിയ 23 കാരനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. 18 വയസ് തികഞ്ഞതോടെ ഇരയെ വിവാഹം കഴിക്കുകയും സെഷൻസ് കോടതിയിൽ കേസ് നിലനിൽക്കെ ദമ്പതികൾക്ക് കുഞ്ഞ് പിറക്കുകയും ചെയ്‌തതോടെയാണ് കോടതിയുടെ നടപടി. ഈ സാഹചര്യത്തിൽ ഹര്‍ജിക്കാരനെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് പ്രയാസമാണെന്നും ഹൈക്കോടതി അറിയിച്ചു.
പിന്നീടൊരിക്കല്‍ വിചാരണ നടത്തി ഹര്‍ജിക്കാരൻ കുറ്റവിമുക്തനാകുമ്പോൾ, കുറ്റകൃത്യത്തിന്‍റെ വാൾ പ്രതിയുടെ ആത്മാവിനെ കീറി മുറിക്കും. അന്തിമഫലം വേദനാജനകമാകണമെന്നില്ല, മറിച്ച് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ഇത്തരം പ്രക്രിയയാണ് വേദന സൃഷ്‌ടിക്കുക എന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍റെ എതിർപ്പ് അവഗണിച്ച് കക്ഷികൾ തമ്മില്‍ ഒത്തുതീർപ്പിലെത്തി നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു. വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ വിവാഹം കഴിച്ച്, കുഞ്ഞിനെ വളര്‍ത്തുന്ന ദമ്പതികൾക്ക് മുന്നില്‍ കോടതി വാതിലുകൾ അടച്ചാൽ മതിയാകുമെന്നും മറ്റു മുഴുവൻ നടപടികളും നീതിനിഷേധത്തിന് കാരണമാകുമെന്നും ജസ്‌റ്റിസ് എം.നാഗപ്രസന്ന വിധി ന്യായത്തിൽ കുറിച്ചു.
പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന് ഇരയുടെ പിതാവ് 2019 മാർച്ചിലാണ് പരാതി നൽകുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെൺകുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. ഉഭയകക്ഷി സമ്മതത്തോടെയാണ് ഇടപഴകിയതെന്ന് ഇരുവരും അവകാശപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ പെൺകുട്ടിക്ക് 17 വയസ് മാത്രം പ്രായം ഉണ്ടായിരുന്നതിനാല്‍ പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് 18 മാസത്തെ ജയിലിൽ ശിക്ഷക്ക് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. മോചിതനായ ശേഷം 2020 നവംബറിൽ ഇരുവരും വിവാഹിതരുമായി. ഒരു വർഷത്തിന് ശേഷം ഇവർക്ക് ഒരു പെൺകുഞ്ഞും പിറന്നു. ഇരയും പ്രതിയും വിവാഹിതരായതിനാല്‍ നിരവധി ഭരണഘടന കോടതികൾ പ്രതികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ചതായും ഹൈക്കോടതി വിധി പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.