എറണാകുളം: കളമശ്ശേരിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 500 കിലോയോളം കോഴിമാംസം പിടികൂടിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി മണ്ണാർക്കാട് സ്വദേശി ജുനൈസ്, ഇറച്ചി വിതണ കേന്ദ്രത്തിലെ സഹായി നിസാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിൽ 50 ഹോട്ടലുകൾക്ക് ഇറച്ചി വിതരണം ചെയ്‌തിരുന്നതായാണ് പ്രതികൾ മൊഴി നൽകിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി ജുനൈസിനെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊച്ചിയിൽ എത്തിച്ചത്.
11 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ മലപ്പുറത്ത് നിന്നാണ് പിടികൂടിയത്. കളമശ്ശേരിയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു വില്‌പനയ്ക്കുള്ള ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ ഇറച്ചി ഷവർമ, അൽഫാം ഉൾപ്പടെയുള്ള വിഭവങ്ങൾക്കായി രൂപമാറ്റം വരുത്തിയാണ് കൊച്ചിയിലെ ഹോട്ടലുകളിൽ വിതരണം ചെയ്‌തിരുന്നത്.
പ്രതി പിടിയിലായതോടെ സുനാമി ഇറച്ചിയുടെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സുനാമി ഇറച്ചി വാങ്ങിയ ഹോട്ടലുകളെ കുറിച്ചുള്ള വിവരവും ലഭ്യമാകും. ഇവിടെ നിന്നും ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ നഗരസഭ പുറത്തുവിട്ടിരുന്നു.
ഇതിനെതിരെ ചില ഹോട്ടലുകൾ നഗരസഭയ്‌ക്കെതിരെ നിയമ നടപടികൾ തുടങ്ങിയിരുന്നു. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു ജനുവരി 12ന് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്. കളമശ്ശേരി കൈപ്പടമുകളിലെ വീട്ടിലാണ് അഴുകി തുടങ്ങിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. മൂന്ന് ഫ്രീസറുകളിൽ സൂക്ഷിച്ച കോഴി മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഈ വീട്ടിൽ ഇറച്ചി സൂക്ഷിച്ച് വില്‌പന നടത്തുന്നതായി നാട്ടുകാർ തന്നെയാണ് നഗരസഭയെ അറിയിച്ചത്. ഗുണ നിലവാരമില്ലാത്ത ഇറച്ചി കുറഞ്ഞ വിലയിൽ തമിഴ് നാട്ടിൽ നിന്നും എത്തിച്ച് ഹോട്ടലുകളിൽ വിതരണം ചെയ്‌ത് ലാഭം നേടുകയായിരുന്നു നടത്തിപ്പുകാർ. നല്ല ഇറച്ചിയോടൊപ്പം ചേർത്ത് ഷവർമ ഉൾപ്പടെയുടെയുള്ള ഇനങ്ങൾക്ക് ആവശ്യമായ രീതിയിലായിരുന്നു ഇറച്ചി ഇവിടെ നിന്നും വില്‌പന നടത്തിയിരുന്നത്.
ഇവ പാകം ചെയ്യുന്നതിനുള്ള നൂറ്റിയമ്പത് ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് കടന്നു കളഞ്ഞ നടത്തിപ്പുകാരാണ് പിടിയിലായത്.