ഇന്‍ഡോര്‍ : മധ്യപ്രദേശില്‍ പൊലീസിനെ വലച്ച റാഗിങ് കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് തുണയായത് രഹസ്യ ഓപ്പറേഷന്‍. വിദ്യാര്‍ഥിനിയായും ക്യാന്‍റീന്‍ ജീവനക്കാരായും വേഷം മാറി കോളജിലെത്തിയ സംഘം നടത്തിയ മൂന്ന് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് റാഗിങ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജില്‍ തുടരുന്ന റാഗിങ്ങിലെടുത്ത കേസ് ചുരുളഴിക്കാന്‍ സന്യോഗിതഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ വനിത കോണ്‍സ്റ്റബിള്‍ ശാലിനി ചൗഹാന്‍ ഉള്‍പ്പെട്ട അന്വേഷണസംഘം വേഷംമാറിയെത്തുകയായിരുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ആണ് എംജിഎം കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയേഴ്‌സിനെ റാഗിങ്ങിനിരയാക്കി എന്നുള്ള പരാതി യുജിസി അധികൃതരില്‍ നിന്ന് പൊലീസിന് ലഭിക്കുന്നത്. ചില വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തിയ സ്ഥലങ്ങളുടെ വിവരങ്ങളും മാത്രമായിരുന്നു പരാതിയില്‍. പിന്നാലെ ക്യാമ്പസില്‍ നേരിട്ടെത്തി അന്വേഷണം നടത്താന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഭയം കാരണം വിദ്യാര്‍ഥികള്‍ വിവരം കൈമാറാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ യുജിസി ഹെല്‍പ് ലൈന്‍ നിയമപ്രകാരം അത് സാധ്യമായില്ല. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇതിനായി സന്യോഗിതഗഞ്ച് സ്‌റ്റേഷന്‍ എസ്‌ഐ സത്യജിത് ചൗഹാന്‍, സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് തഹ്‌സീബ് ഖ്വാസി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. മഫ്‌തിയില്‍ കോളജിലെത്തിയ സത്യജിത് ചൗഹാന്‍ പ്രാഥമിക അന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. എന്നാല്‍ കേസിലെ പ്രതികളെ തിരിച്ചറിയാന്‍ ഈ തെളിവുകള്‍ മതിയാകുമായിരുന്നില്ല.
ഇതിന് പിന്നാലെയാണ് ക്യാമ്പസിനുള്ളില്‍ രഹസ്യാന്വേഷണം നടത്താന്‍ 24 കാരിയായ ശാലിനി ചൗഹാനെ നിയോഗിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയായി വേഷം മാറിയ വനിത പൊലീസ് കോണ്‍സ്റ്റബിളാണ് തുടര്‍ന്നുളള അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ ബാഗുമായി ശാലിനി എല്ലാ ദിവസവും കോളജ് ക്യാന്‍റീനില്‍ എത്തി.
മൂന്ന് മാസത്തോളം പതിവായി കോളജ് ക്യാന്‍റീനിലെത്തിയാണ് ശാലിനി ചൗഹാന്‍ കേസ് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. കോളജിലെ മറ്റ് വിദ്യാര്‍ഥികളുമായി അടുപ്പം സ്ഥാപിച്ച ശാലിനി അവരില്‍ നിന്നും പരമാവധി തെളിവുകള്‍ കണ്ടെത്തി. വിദ്യാര്‍ഥിനിയായെത്തിയ പൊലീസുകാരിയെ സഹായിക്കാന്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ക്യാമ്പസിലുണ്ടായിരുന്നു.
റിങ്കു, സഞ്ജയ് എന്നീ ഉദ്യോഗസ്ഥരാണ് ക്യാന്‍റീന്‍ ജീവനക്കാരായെത്തി ആണ്‍കുട്ടികളില്‍ നിന്ന് വിവരം ശേഖരിച്ച് ശാലിനിക്ക് കൈമാറിയത്. ഒടുവില്‍ വിദ്യാര്‍ഥികളെ നിരീക്ഷിച്ചും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌ത പതിനൊന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞു. പുതുതായെത്തുന്ന വിദ്യാര്‍ഥികളെ റാഗ് ചെയ്യാന്‍ പ്രത്യേക സംഘങ്ങളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
ഹോസ്‌റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ അവിടെയുള്ള സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗ് ചെയ്‌തത്. കേസില്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞ 11 പേരോടും ഹാജരാകാന്‍ നിര്‍ദേശിച്ച് അന്വേഷണസംഘം നോട്ടിസ് അയച്ചിട്ടുണ്ട്.
ഇതില്‍ 9 പേര്‍ മധ്യപ്രദേശ് സ്വദേശികളാണെന്ന് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് തഹ്‌സീബ് ഖ്വാസി അറിയിച്ചു. ഒരാള്‍ ബംഗാള്‍ സ്വദേശിയും ഒരാള്‍ ബിഹാറുകാരനുമാണ്. ഇവരെ കോളജില്‍ നിന്നും ഹോസ്‌റ്റലില്‍ നിന്നും അധികൃതര്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.